vs

തിരുവനന്തപുരം: സേവാഭാരതിയുടെ കൈവശമുള്ള മുഞ്ചിറമഠം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മുഞ്ചിറ മഠാധിപതി പുഷ്പാഞ്ജലി സ്വാമി വീണ്ടും സമരത്തിൽ. നിരാഹാരത്തിനു ശേഷം ഇന്നലെ സത്യാഗ്രഹസമരം ആരംഭിച്ചിരിക്കുകയാണ് സ്വാമി. ഇന്ന് വൈകിട്ട് 3 മണിക്കാണ് കളക്ടർ വിളിച്ച ചർച്ച. ശ്രീപദ്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടിവ് ഓഫീസർ, അനന്തശായി ബാലസദനം ഭാരവാഹികൾ, മുഞ്ചിറ മഠം സ്വാമി എന്നിവരെ ചർച്ചയ്ക്കു വിളിച്ചിട്ടുണ്ട്.

ശനിയാഴ്ച ഒരുസംഘം ആളുകൾ സ്വാമിയുടെ നിരാഹാരപ്പന്തൽ പൊളിച്ചുമാറ്റിയിരുന്നു. ഇതേത്തുടർന്ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രപരിസരത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. തുടർന്ന് കിഴക്കേനടയിലുള്ള സ്വാമിയാർ മഠത്തിലേക്കുപോയ പുഷ്പാഞ്ജലി സ്വാമി സത്യാഗ്രഹം ആരംഭിക്കുകയായിരുന്നു. സേവാഭാരതിക്കാർ പൂജാവിഗ്രഹങ്ങൾ മോഷ്ടിച്ചെന്ന് സ്വാമി ആരോപിച്ചു. വിഗ്രഹങ്ങളുടെ സ്ഥാനത്ത് ചെടിച്ചട്ടികൾ എടുത്തുവച്ചു. മൂന്ന് വിഗ്രഹങ്ങളിൽ ഒരെണ്ണം കണ്ടുകിട്ടി. പൂജകൾക്കുപയോഗിക്കുന്ന വിളക്ക്,​ പീഠങ്ങൾ തുടങ്ങിയവ റോഡിൽ വലിച്ചെറിഞ്ഞെന്നും സ്വമി പറയുന്നു. പൂജകൾക്കും മുടക്കം വന്നു. ആറു ദിവസത്തെ നിരാഹാരസമരത്തെത്തുടർന്നുള്ള ശാരീരികപ്രശ്നങ്ങളും കടുത്ത നടുവേദനയും സ്വാമിയെ അലട്ടുന്നുണ്ട്. എന്നാൽ സ്വാമി ഇന്നലെ തന്നെ പൂജാസാമഗ്രികളും വിഗ്രഹങ്ങളും കൊണ്ടുപോയെന്നാണ് സേവാഭാരതി പ്രവ‍ർത്തകർ പറയുന്നത്.

ശനിയാഴ്ചത്തെ സംഘർഷത്തിൽ കണ്ടാലറിയാവുന്ന 50ഓളം പേർക്കെതിരെ ഫോർട്ട് പൊലീസ് കേസെടുത്തു. സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഇവരെ തിരിച്ചറിയാനുള്ള ശ്രമം നടന്നുവരികയാണ്. സ്ഥലത്ത് വൻ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.

മുഞ്ചിറ മഠത്തിന്റെ ഉടമസ്ഥതയിലുള്ള വസ്തു സേവാഭാരതി കൈയേറിയെന്നാരോപിച്ച് കഴിഞ്ഞ എട്ട് മുതലാണ് കോട്ടയ്ക്കകം മിത്രാനന്ദപുരത്തെ ബാലസദനത്തിനു മുന്നിൽ പുഷ്പാഞ്ജലി സ്വാമി നിരാഹാരസമരം ആരംഭിച്ചത്.