mukkonoroad

മുടപുരം: കുറ്റിച്ചെടികൾ വളർന്ന് തകർന്നു കിടക്കുന്ന മുക്കോണി തെങ്ങുംവിള ക്ഷേത്രം റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. മുടപുരം- ചേമ്പുംമൂല പാടശേഖരങ്ങൾക്ക് മദ്ധ്യഭാഗത്തുകൂടി കടന്നു പോകുന്ന മുക്കോണി തോടിന്റെ ഒരുവശത്തുള്ള വീതിയുള്ള നടവരമ്പാണ് ഇപ്പോൾ ശോചനീയാവസ്ഥയിൽ കിടക്കുന്നത്. മുട്ടപ്പലം-കോളിച്ചിറ-ചിറയിൻകീഴ് റോഡിൽ മുക്കോണി പാലത്തിനടുത്ത് നിന്ന് ആരംഭിച്ച് തെങ്ങുംവിള ക്ഷേത്രം-ചേമ്പുംമൂല റോഡിൽ ചെന്ന് ചേരുന്ന ഈ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യത്തിന് അനേക വർഷങ്ങളുടെ പഴക്കമുണ്ട്.1967 -ൽ നാറാങ്ങവട്ടം-മഞ്ചാടിമൂട് തോട് വികസന പദ്ധതിക്കായി തോടിന്റെ ഇരുവശത്തും റോഡ് നിർമ്മിക്കാനും തോട്ടിലൂടെ വള്ളം കൊണ്ടുപോകുന്നതിനും വേണ്ടി തോടിന്റെ ആഴം വർദ്ധിപ്പിക്കുന്നതിനുമായി തോടിന്റെ ഇരുകരയിലുമുള്ള സ്ഥലം അന്ന് സർക്കാർ വില നൽകി ഏറ്റെടുത്തിരുന്നു. കയർ വ്യവസായം പരിപോഷിപ്പിക്കുന്നതിനായിട്ടാണ് മേൽപ്പറഞ്ഞ പദ്ധതി നടപ്പിലാക്കാൻ തുടക്കമിട്ടത്. എന്നാൽ ചില തർക്കങ്ങളും പ്രശ്നങ്ങളും കാരണം പദ്ധതി നടപ്പിലായില്ല.

ഈ റോഡ് ഗതാഗതയോഗ്യമാക്കിയാൽ മുടപുരം,ചേമ്പുംമൂല ഏലാകളിലെ കർഷകർക്കും തെങ്ങുവിള ഭഗവതിക്ഷേത്രത്തിൽ ദർശനത്തിനായി എത്തുന്ന ഭക്തജനങ്ങൾക്കും വളരെ ഏറെ ഉപയോഗ പ്രദമാകും

മുക്കോണി റോഡ് തകർന്നു കിടക്കുന്നതിനാൽ കർഷകരും ഏറെ ബുദ്ധിമുക്കുകയാണ്. നെൽ പാടം കൃഷിക്ക് ഒരുക്കുന്നതിനായി പൂട്ട് യന്ത്രമോ കൊയ്ത്തിനായി കൊയ്ത്ത് യന്ത്രമോ കൊണ്ടു വരാൻ കഴിയാറില്ല. യന്ത്രങ്ങൾ റോഡിലൂടെ കൊണ്ടുവന്ന് പാടത്തേക്ക് ഇറക്കാൻ റാമ്പ് നിർമ്മിച്ചിട്ടില്ലാത്തത് കർഷകരെ വിഷമിപ്പിക്കുന്നു. എത്രയും വേഗം റോഡ് നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.