തിരുവനന്തപുരം: നവതി ആഘോഷത്തിന്റെ ഭാഗമായി വഞ്ചി പുവർഹോമിലെ അമ്മമാർക്കൊപ്പം പിറന്നാൾ സദ്യ കഴിച്ച് ഒ.രാജഗോപാൽ എം.എൽ.എ. ബി.ജെ.പി നേമം നിയോജക മണ്ഡലം കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ പുവർ ഹോമിലെത്തിയ ഒ.രാജഗോപാലിനെ ബി.ജെ.പി ജില്ലാ, മണ്ഡലം കമ്മിറ്റി നേതാക്കൾ ചേർന്ന് പൊന്നാടയണിയിച്ച് സ്വീകരിച്ചു. തുടർന്ന് അമ്മമാരുടെ അടുത്തെത്തി കുശലാന്വേഷണം നടത്തിയ ശേഷം അവരോടൊപ്പമിരുന്ന് പിറന്നാൾ സദ്യ കഴിച്ചു. 12 അന്തേവാസികളാണ് ഇപ്പോൾ ഇവിടെ ഉള്ളത്. തൊണ്ണൂറ് വയസായല്ലോ എന്ന സന്തോഷമാണ് ഇപ്പോഴെന്നും നിലവിൽ യാതൊരു ആരോഗ്യപ്രശ്നങ്ങളുമില്ലെന്നും ആശംസകളർപ്പിക്കാൻ എത്തിയവരോട് രാജഗോപാൽ പറഞ്ഞു. പൊതുപ്രവർത്തനരംഗത്ത് കഴിയാവുന്നിടത്തോളം കാലം തുടരണമെന്നു മാത്രമാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്.സുരേഷ്, ജില്ലാ വൈസ് പ്രസിഡന്റ് പൂന്തുറ ശ്രീകുമാർ, സംസ്ഥാന സമിതിയംഗം എം.ആർ ഗോപൻ, എൻ.ആർ.ഐ സെൽ സ്റ്റേറ്റ് കൺവീനർ എൻ.ഹരികുമാർ, നേമം മണ്ഡലം പ്രസിഡന്റ് തിരുമല അനിൽ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ നീറമൺകര ഹരി, പൂങ്കുളം സതീഷ്, വിവിധ കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.