chenkal-temple

പാറശാല: ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച നവഗ്രഹ ക്ഷേത്രത്തിൽ നവഗ്രഹ പ്രതിഷ്ഠ നടന്നു. മഹാബലിപുരത്ത് ആചാര വിധിപ്രകാരം നിർമ്മിച്ച് ക്ഷേത്രത്തിലെത്തിച്ച പ്രതിഷ്ഠാ വിഗ്രഹങ്ങൾ പ്രത്യേക പൂജകൾക്ക് ശേഷമാണ് പ്രതിഷ്ഠിച്ചത്. ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന കർമ്മങ്ങൾക്ക് വൻഭക്തജനാവലി സാക്ഷ്യം വഹിച്ചു. പ്രതിഷ്ഠാ ചടങ്ങുകൾക്ക് മേൽശാന്തി കുമാർ മഹേശ്വരം നേതൃത്വം നൽകി. രക്ഷാധികാരി തുളസീദാസൻ നായർ, ഭാരവാഹികളായ വി.കെ.ഹരികുമാർ, കെ.പി.മോഹനൻ, വേലപ്പൻ നായർ തുടങ്ങിയവർ പങ്കെടുത്തു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയതും ലോക റെക്കാഡിൽ ഇടം നേടിയതുമായ ശിവലിംഗം സ്ഥിതിചെയ്യുന്ന ക്ഷേത്രം എന്നതിന് പുറമേ ശിവപാർവതിമാരുടെ ഒരേ പീഠത്തിലെ പ്രതിഷ്ഠ, സ്വയംഭൂവായ 12 ജ്യോതിർലിംഗങ്ങളുടെ പ്രതിഷ്ഠ, ഗണപതിയുടെ 32 ഭാവങ്ങളിലെ പ്രതിഷ്ഠ തുടങ്ങിയവ ഈ ക്ഷേത്രത്തിന്റെ പ്രശസ്തി ലോക ശ്രദ്ധയാകർഷിക്കുന്ന നിലയിലേക്ക് എത്തിച്ചിട്ടുണ്ട്.