hall

ആര്യനാട്: ആര്യനാട് പഞ്ചായത്തിലെ പാലൈക്കോണത്തെ കമ്മ്യൂണിറ്റി ഹാൾ നിർമ്മാണം കഴിഞ്ഞിട്ട് അഞ്ച് വർഷം കഴിഞ്ഞു. എന്നിട്ടും ഇതുവരെ തുറന്ന് പ്രവർത്തിച്ചിട്ടില്ല. പട്ടികജാതി വികസന വകുപ്പിന്റെ സ്വയംപര്യാപ്ത ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കമ്മ്യൂണിറ്റി ഹാളും പരിസരവും ഇതുവരെ കാടുകയറി നശിക്കുകയാണ്.

2015 ലാണ് കെട്ടിടത്തിന്റെ പണി പൂർത്തിയായത്. കോളനിയുടെ നവീകരണത്തിനായി സർക്കാർ അനുവദിച്ച ഒരു കോടി രൂപയിൽ നിന്ന് 27 ലക്ഷം രൂപ വിനിയോഗിച്ചായിരുന്നു കമ്മ്യൂണിറ്റി ഹാൾ പണിതത്. ഹാളിന്റെ വൈദ്യുതീകരണത്തിനും വാട്ടർ കണക്ഷനും ചുറ്റുമതിലും സൈഡ് വാൾ ഉൾപ്പെടെ നിർമ്മിക്കാനായിരുന്നു അനുമതി. എന്നാൽ കെട്ടിട നിർമ്മാണവും വൈദ്യുതീകരണവും മാത്രമാണ് നടന്നത്. എന്നാൽവാട്ടർ കണക്ഷൻ സംവിധാനവും ചുറ്റുമതിലിന്റെ പണിയും നടക്കാതായതോടെ നിർമ്മാണം പൂർത്തിയാക്കിയ ഹാൾ അടച്ചിടേണ്ട സ്ഥിതി വന്നു. ഇതിനിടയിൽ ഗ്രാമ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വാങ്ങിയ കസേരകൾ മാത്രം കെട്ടിടത്തിനുള്ളിൽക്കിടന്ന് നശിക്കുകയാണ്.

കോളനിയിലെ താമസക്കാർക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിന്റെ ഭാഗമായി തയ്യൽ യൂണിറ്റ്, പി.എസ്.സി. പഠനകേന്ദ്രം, ലൈബ്രറി, കമ്പ്യൂട്ടർ സാക്ഷരതാകേന്ദ്രം, അങ്കൻ വാടി എന്നിവ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കെട്ടിടം പണിതത്. ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച കെട്ടിടത്തിന്റെ ബാക്കി പണികൾ പൂർത്തിയാക്കി ഹാൾ ഉപയോഗ യോഗ്യമാക്കണമെന്നാണ് കോളനി നിവാസികളുടെ ആവശ്യം.