കിളിമാനൂർ: സുരക്ഷാവേലി വയ്യാവേലിയാകുന്നു. സംസ്ഥാന പാതയോട് ചേർന്ന് പ്രധാന ജംഗ്ഷനുകളിൽ റോഡിനെയും നടപ്പാതയെയും വേർതിരിച്ചു കൊണ്ട് കെ.എസ്.ടി.പി നിർമ്മിക്കുന്ന സുരക്ഷാ വേലിയാണ് കച്ചവടക്കാർക്കും കാൽനടയാത്രക്കാർക്കും വയ്യാ വേലിയാകുന്നത്. റോഡരികിലെ കച്ചവട സ്ഥാപനങ്ങളെയും മറച്ച് വേലി സ്ഥാപിച്ചതോടെ കടകളിലേക്ക് ഉല്പന്നങ്ങൾ വാങ്ങാൻ എത്തുന്നവർ വളരെ ബുദ്ധിമുട്ടേണ്ട അവസ്ഥയാണുള്ളത്. മിക്കവരും വാഹനങ്ങൾ റോഡിൽ ഇടേണ്ടി വരുന്നതിനാൽ മറ്റു സ്ഥലങ്ങളെ ആശ്രയിക്കുന്നതിനാൽ ഇത്തവണ ഓണത്തിനു പോലും കച്ചവടം മന്ദഗതിയിലായിരുന്നന്ന് വ്യാപാരികൾ പറയുന്നു. കക്കൂട്ടം മുതൽ അടൂർ വരെ സുരക്ഷാ ഇടനാഴി പദ്ധതി പ്രകാരം നടപ്പാത നിർമ്മാണത്തോടൊപ്പമാണ് സുരക്ഷാ വേലി നിർമ്മാണവും തുടങ്ങിയത്. കാൽ നടക്കാർക്കും കച്ചവടക്കാർക്കും സംരക്ഷണവും സുരക്ഷയുമായിരുന്നു ലക്ഷ്യം. എന്നാൽ നിലവിൽ റോഡിന്റെ വീതി കുറയുകയും സുരക്ഷാ വേലി സ്ഥാപിച്ചിരിക്കുന്നതിനാൽ വാഹനങ്ങൾ റോഡിൽ പാർക്കു ചെയ്തും കൂടുതൽ ഗതാഗത കുരുക്കും അപകടം കൂടുകയുമാണ് ചെയ്യുന്നത്. നടപ്പാതയും സുരക്ഷാ വേലിയും നിർമ്മിക്കുന്നതോടൊപ്പം പ്രധാന ജംഗ്ഷനുകളിൽ പാർക്കിംഗ് സൗകര്യത്തിന് സ്ഥലം കണ്ടെത്തുമെന്ന് കെ.എസ്.ടി.പി. പറഞ്ഞിരുന്നുവെങ്കിലും അതൊന്നും പ്രാബല്യത്തിൽ വന്നിട്ടില്ല.