നേമം: അമിത വേഗത്തിലെത്തിയ കെ.എസ്.ആർ.ടി.സി ബസിടിച്ച് കാറിന് നാശനഷ്ടം. ആൾ അപായമില്ല. ഇന്നലെ ഉച്ചകഴിഞ്ഞ് 2.15 നായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്ന് ബാലരാമപുരം ഭാഗത്തേക്കു പോവുകയായിരുന്ന പാറശാല ഡിപ്പോയിലെ ബസാണ് കെ.എൽ-20 കെ-950 വാഗണറിലിടിച്ചത്. കാർ നേമം സിഗ്നൽ പോയിന്റിനു സമീപത്തുനിന്ന് യു ടേൺ എടുക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ബസ് കാറിൽ ഇടിക്കുകയായിരുന്നു. കാറിന്റെ ബോണറ്റ് തകർന്നു. ബസിന്റെ മുൻ ഭാഗവും തകർന്നിട്ടുണ്ട്. സംഭവത്തെത്തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗത തടസമുണ്ടായി. ബസിന്റെ അമിത വേഗതയും കാർ പെട്ടെന്ന് യു -ടേൺ എടുത്തതുമാണ് അപകടത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. നേമം പൊലീസ് എത്തി വാഹനങ്ങൾ റോഡിൽ നിന്നുനീക്കി.