തിരുവനന്തപുരം: മോട്ടോർ വാഹന നിയമലംഘനങ്ങൾക്ക് കൊല്ലുന്ന പിഴ ഈടാക്കുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന താത്കാലിക വിലക്ക് തുടരും. നിരക്ക് കുറയ്ക്കുന്ന കാര്യം ചർച്ച ചെയ്യാൻ ഇന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ഗതാഗത, നിയമ വകുപ്പ് മേധാവികളുടെ യോഗം ചേരുമെങ്കിലും പിഴ നിരക്ക് കുത്തനെ കുറച്ചുകൊണ്ടുള്ള തീരുമാനത്തിനു സാദ്ധ്യതയില്ല. കാര്യങ്ങൾ തത്കാലം ഇപ്പോഴത്തെ രീതിയിൽ തുടരാമെന്ന് തീരുമാനിച്ച് പിരിയാനാണ് സാദ്ധ്യത.

മോട്ടോർ വാഹന നിയമ ഭേദഗതി നടപ്പാക്കുന്നതിൽ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞിരുന്നെങ്കിലും ഇതു സംബന്ധിച്ച് ഒരു അറിയിപ്പും കേരളത്തിനു ലഭിച്ചിട്ടില്ല. പിഴത്തുക സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് നേരത്തേ പറഞ്ഞിരുന്ന ഗഡ്കരി പിന്നീട് മലക്കം മറിഞ്ഞതാണ് ഇപ്പോഴത്തെ ആശയക്കുഴപ്പങ്ങൾക്കു കാരണം. കേന്ദ്രനിലപാടിലെ അവ്യക്തത,​ ഗതാഗതമന്ത്രി ഇന്നു വിളിക്കുന്ന യോഗത്തിൽ തീരുമാനങ്ങളെടുക്കുന്നതിനും തടസ്സമാകുന്നു.

ഉയർന്ന പിഴ ഈടാക്കാനുള്ള മോട്ടോർ വാഹനനിയമം ഡിസംബർ 31 വരെ നടപ്പാക്കേണ്ടതില്ലെന്ന് ജാർഖണ്ഡ് സർക്കാർ തീരുമാനിച്ചത് ഇന്നലെയാണ്. നേരത്തെ ഗുജറാത്തും ഉത്തരാഖണ്ഡും ഉയർന്ന പിഴ ഈടാക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. കേന്ദ്ര നിയമത്തെ തുടർന്ന് പുതിയ പിഴ നിരക്കുകൾ അംഗീകരിച്ച് ആഗസ്റ്റ് 31ന് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും ജനകീയപ്രതിഷേധം രൂക്ഷമായ സാഹചര്യത്തിലാണ് അധിക പിഴ ഈടാക്കുന്നത് മുഖ്യമന്ത്രി ഇടപെട്ട് വിലക്കിയത്.

എന്നാൽ മറ്റു സംസ്ഥാനങ്ങൾ കേന്ദ്ര നിയമത്തിനെതിരെ ശക്തമായ നിലാപാട് എടുത്ത് മുന്നോട്ടു പോകുമ്പോൾ കേരളം ഇപ്പോഴും ഇക്കാര്യത്തിൽ ഉദാസീന മനോഭാവം പുലർത്തുന്നതായാണ് ആക്ഷേപം. 31ന് ഇറക്കിയ വിജ്ഞാപനം റദ്ദാക്കി,​ പുതിയത് ഇറക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അങ്ങനെ ചെയ്യുന്നത് നിയമപ്രകാരം നിലനിൽക്കില്ലെന്ന പഴയ നിലപാടിലേക്കു തന്നെ ഗതാഗത വകുപ്പ് എത്തിയിരിക്കുകയാണ്. സംസ്ഥാന സർക്കാർ ഇറക്കുന്ന വിജ്ഞാപനം റദ്ദാക്കാൻ സംസ്ഥാന സർക്കാരിനു തന്നെ കഴിയുമെന്ന നിയമോപദേശം മറന്നാണ് ഇത്.

ഡ്രൈവിംഗിനിടയിൽ മൊബൈൽ ഫോൺ ഉപയോഗം, സീറ്റ് ബൈൽറ്റ്, കണ്ടക്ടർ ലൈസൻസ് പുതുക്കാൻ വൈകൽ തുടങ്ങി അഞ്ചു കുറ്റങ്ങൾക്ക് പിഴയായി കുറഞ്ഞ നിരക്കും പരമാവധി നിരക്കും ഈടാക്കുന്ന കാര്യം കേന്ദ്ര ഉത്തരവിൽ പറയുന്നുണ്ട്. ഈ ഇനങ്ങളിൽ മാത്രമേ ഇളവ് അനുവദിക്കാനാകൂ എന്ന റിപ്പോർട്ടാണ് ഗതാഗത വകുപ്പിന്റെ പക്കലുള്ളത്. ഇക്കാര്യത്തിൽ നിയമ വകുപ്പ് സെക്രട്ടറിയുടെ നിലപാടാകും നിർണ്ണായകമാവുക. കേന്ദ്ര നിയമത്തിനെതിരെ നിയമവകുപ്പ് മന്ത്രി എ.കെ.ബാലൻ ഇന്നലെ രംഗത്ത് വന്നിരുന്നു.

മോട്ടോർവാഹന ഭേദഗതിയിൽ പുനഃപരിശോധനയല്ല,​ കേന്ദ്രം പുതിയ ഓർഡിനൻസ് ഇറക്കുകയാണ് വേണ്ടത് ഇതിനായി എം.പിമാർ മുൻകൈയ്യെടുക്കണം.

- മന്ത്രി എ കെ ബാലൻ.