ആറ്റിങ്ങൽ: വനിതകൾക്ക് സ്വയം തൊഴിലിലൂടെ സ്വയംപര്യാപ്ത കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ആറ്റിങ്ങലിൽ ആരംഭിച്ച വനിതാ വ്യവസായ കേന്ദ്രം അവഗണനയിൽ. തുടക്കത്തിൽ നല്ല രീതിയിൽ പ്രവർത്തിച്ചിരുന്നെങ്കിലും ഇപ്പോൾ ഇങ്ങനെയൊരു സംരംഭം ഇവിടെ നടന്നിരുന്നു എന്നുപോലും അറിയാനാവാത്ത സ്ഥിതിയാണ്. പരിസരം മുഴുവൻ കാടുകയറി ആരും തിരിഞ്ഞു നോക്കാത്ത ഇടമായി മാറിയിരിക്കുകയാണ് ഈ കേന്ദ്രം. വസുമതി ജി.നായർ ചെയർപേഴ്‌സണായിരുന്ന കാലത്ത് കൃഷി ഭവൻ വളപ്പിൽ 2002 - 2003 കാലഘട്ടത്തിലാണ് ഈ വ്യവസായകേന്ദ്രം പണിതത്. പിന്നീട് വന്ന ഭരണസമിതികൾ ഇതിനെ വേണ്ട രീതിയിൽ ശ്രദ്ധിക്കാത്തതിനാൽ ക്രമേണ എല്ലാ യൂണിറ്റുകളും നഷ്ടം കാരണം പൂട്ടുകയായിരുന്നു. ഒഡിഷ, ആന്ധ്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നെല്ലാം ജനകീയ വികസന പദ്ധതികളെക്കുറിച്ച് പഠിക്കാനായി കേരളത്തിൽ എത്തിയവരുടെ ആകർഷണ കേന്ദ്രമായിരുന്നു ആറ്റിങ്ങലിലെ വനിതാ വികസന കേന്ദ്രം. പൂട്ടിക്കിടക്കുന്ന ഒരു മുറിയിൽ 13 കമ്പ്യൂട്ടറുകൾ പൊടിപിടിച്ച് ഉപയോഗശൂന്യമായി കിടക്കുന്നത് മാത്രമാണ് ഇവിടെ ഒരു വ്യവസായ കേന്ദ്രം പ്രവർത്തിച്ചിരുന്നു എന്നതിന്റെ തെളിവ്. അടുത്തിടെ ഇതിൽ ഒരു മുറിയിൽ വനിതകൾ സംഘടിച്ച് ടെക്സ്റ്റയിൽസ് ഉപയോഗത്തിനുള്ള നോൺ വേവൻ കവറുകൾ നിർമ്മിക്കുന്ന ഒരു യൂണിറ്റ് ആരംഭിച്ചെങ്കിലും ഇപ്പോൾ അതും പൂട്ടി. കുടുംബശ്രീ യൂണിറ്റുകൾ ഒരു കുടക്കീഴിൽ കൊണ്ടു വരിക എന്ന ഉദ്ദേശത്തോടെയാണ് ഇത് കൊണ്ടു വന്നത്. അടിയന്തരമായി ഇവിടെ വനിതാ വ്യവസായ കേന്ദ്രങ്ങൾ സജീവമാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.