cctv

നേമം: കിള്ളിപ്പാലത്തിനു സമീപത്തെ ബിയർപാർലറിന് മുന്നിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് യുവാവിനെ ബിയർ കുപ്പി കൊണ്ട് കുത്തിയശേഷം രക്ഷപ്പെട്ട പ്രതികൾ തമിഴ്നാട്ടിലേക്ക് മുങ്ങിയതായി സൂചന. ഇവരെ കണ്ടെത്താൻ മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കേരളത്തിൽ നിന്നു മുങ്ങിയതായി മനസിലായത്. ഇക്കഴിഞ്ഞ 7 ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. ബിയർപാർലറിൽ നിന്നു മദ്യപിച്ച ശേഷം ബിയർ കുപ്പിയുമായി പുറത്തിറങ്ങിയ വലിയശാല സ്വദേശി ശങ്കറുമായി (32) പൂജപ്പുര സ്വദേശി നന്ദുവും, തമലം സ്വദേശി അനൂപും വാക്കേറ്റമുണ്ടാവുകയും ഇതിനു ശേഷം അവിടെ നിന്നു രക്ഷപ്പെട്ട ശങ്കറിനെ പിന്തുടർന്ന പ്രതികളിലൊരാൾ കരമന സി.എ.ടി റോഡിൽ വച്ച് ശങ്കറിന്റെ കൈവശമുണ്ടായിരുന്ന ബിയർ കുപ്പി പിടിച്ചു വാങ്ങി പൊട്ടിച്ച് ഇയാളുടെ വയറ്റിൽ കുത്തുകയുമായിരുന്നു. കുത്തേറ്റ് വീണ ശങ്കറിനെ കരമന പൊലീസ് എത്തിയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശങ്കറിന്റെ മൊഴിയും പാർലറിനു മുന്നിലെ സി.സി ടി.വി കാമറയിൽ നിന്നും ലഭിച്ച ദൃശ്യങ്ങളുടെയും സാഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പ്രതികളെ പിടികൂടാൻ ഷാഡോ പൊലീസും കരമന പൊലീസും സംയുക്തമായിട്ടാണ് തെരച്ചിൽ നടത്തുന്നത്.