നെടുമങ്ങാട്: സംസ്ഥാന സർക്കാരിന്റെ പ്രഥമ ബഡ്ജറ്റിൽ അംഗീകാരം ലഭിച്ച നെടുമങ്ങാട് -അരുവിക്കര -വെള്ളനാട് റോഡ് നിർമ്മാണം കടലാസിലൊതുങ്ങി. പി.ഡബ്ലിയു.ഡി തയാറാക്കിയ അലൈൻമെന്റ് അനുസരിച്ച് നാല് മാസം മുമ്പ് കല്ലിട്ടെങ്കിലും സ്ഥലമെടുപ്പിനുള്ള നടപടികൾ ഇനിയും ആരംഭിച്ചിട്ടില്ല. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് റവന്യു വകുപ്പിന്റെ സർവേ പൂർത്തിയാവാൻ ഏഴു മാസമെങ്കിലും വേണ്ടിവരുമെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ജീവനക്കാരുടെ കുറവ് ചൂണ്ടിക്കാട്ടിയാണ് അധികൃതരുടെ മെല്ലെപ്പോക്ക്. നെടുമങ്ങാട് ചന്തമുക്കിൽ നിന്ന് ആരംഭിച്ച് മഞ്ച, കളത്തറ, മുള്ളിലവിൻമൂട് വഴി അരുവിക്കര ജംഗ്ഷനിലെത്തി പൊലീസ് സ്റ്റേഷൻ ജംഗ്‌ഷൻ വഴി വെള്ളനാട്ടെ കുളക്കോട്ട് അവസാനിക്കുന്ന രീതിയിൽ 10 .05 കി.മീറ്റർ റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നവീകരിക്കാനാണ് തീരുമാനം. നിലവിലെ റോഡിന്റെ വീതി വർദ്ധിപ്പിച്ച് ആവശ്യമായ സ്ഥലങ്ങളിൽ ഓടയും സംരക്ഷണ ഭിത്തിയും കലുങ്കുകളും നടപ്പാതയും നിർമ്മിക്കാൻ പദ്ധതിയിൽ നിർദേശമുണ്ട്. 9 മീറ്റർ വീതിയാണ് നിശ്ചയിച്ചിട്ടുള്ളത്. വീതി കൂട്ടുന്നതിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കേണ്ടി വരുമ്പോൾ നഷ്ടപരിഹാരം നല്കുന്നതിന് 10.32 കോടി രൂപ അനുവദിച്ചിട്ട് മൂന്ന് വർഷമായി. കൂടാതെ വാട്ടർ അതോറിട്ടിയുടെ എസ്റ്റിമേറ്റ് പ്രകാരം പൈപ്പ് മാറ്റി സ്ഥാപിക്കാൻ 3 കോടി രൂപയും വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാൻ 26.30 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. വിനോദ സഞ്ചാരത്തിന് അനന്ത സാന്നിദ്ധ്യതയുള്ള അരുവിക്കര,നെടുമങ്ങാട് നിയോജക മണ്ഡലങ്ങളുടെ ഹൃദയഭാഗത്തെ ബന്ധിപ്പിക്കുന്ന റോഡിൽ ഇപ്പോൾ നടുവൊടിയാതെ യാത്ര ചെയ്യാൻ കഴിയില്ലെന്ന അവസ്ഥയാണ്.
മൈലമ്മൂട്, മുള്ളിലവിൻമൂട്, വെള്ളൂർക്കോണം, കളത്തറ, മഞ്ച എന്നിവിടങ്ങളിൽ റോഡിലെ മെറ്റലുകളിളകിയുണ്ടായ കുഴികളിൽ വീണ് അപകടങ്ങൾ പതിവാണ്. മൈലമ്മൂട് പള്ളിയുടെ സമീപവും മുള്ളിലവിൻമൂട്ടിലും മഞ്ചയിലും ഗർത്തസമാനമായ കുഴികളാണ്. മഴ പെയ്യുന്നത് കാരണം കുഴികളിൽ വെള്ളം നിറഞ്ഞ് കാൽ നടയാത്ര പോലും ദുഷ്കരം. ആട്ടോറിക്ഷകൾ ഇതുവഴി സവാരിക്ക് വരാറില്ല. ഓടയില്ലാത്തതാണ് റോഡ് തകരാൻ പ്രധാനകാരണം.