നേമം: പഴയകാരയ്ക്കാമണ്ഡപം ടി.സി 30 / 302 ചിന്തക്കുടി വീട്ടിൽ നൂർജഹാന്റെ വീട്ടുവളപ്പിലെ 25 അടിയിലേറെ താഴ്ചയിലുളള കിണറ്റിൽ ശനിയാഴ്ച ഉച്ചയ്ക്ക് വീണ ആടിനെ ചെങ്കൽ ചൂളയിൽ നിന്നും ഫയർ ഫോഴ്സ് എത്തി രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ 24 മണിക്കൂർ തികയുന്നതിനു മുമ്പു ഇന്നലെ ഉച്ചയോടുകൂടി ഇതേ ആട് വീണ്ടും കിണറ്റിൽ വീഴുകയായിരുന്നു. ഇന്നലെ വീണ്ടും വിവരം വീട്ടുകാർ ഫയർ ഫോഴ്സിൽ അറിയിക്കുകയും തുടർന്ന് ചെങ്കൽ ചൂളയിൽ നിന്നും അസി.സ്റ്റേഷൻ ഓഫീസർ തുളസീധരന്റെ നേതൃത്വത്തിലുളള സംഘം ആടിനെ രക്ഷിക്കാനുളള സജ്ജീകരണവുമായി യാത്ര തിരിച്ചെങ്കിലും കരമനയിൽ എത്തിയപ്പോഴെയ്ക്കും വീട്ടുകാർ ആടിനെ കിണറ്റിൽ നിന്നും പുറത്തെടുത്തതായി അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് ഫയർ ഫോഴ്സ് സംഘം മടങ്ങി പോയി. വീട്ടുകാരും സമീപവാസികളും ചേർന്നാണ് ഇക്കുറി ആടിനെ കിണറ്റിൽ നിന്നും രക്ഷിച്ചത്. രണ്ടാം വീഴ്ചയിലും ആടിന് കാര്യമായി യാതൊന്നും സംഭവിച്ചില്ല.