പാങ്ങോട് : പാങ്ങോട് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ പൊലീസ് പരാതിപ്പെട്ടികൾ പുനഃസ്ഥാപിക്കാൻ നടപടികളായി. പാങ്ങോട്, കല്ലറ പഞ്ചായത്തുകളിൽ സ്ഥാപിച്ചിരുന്ന പരാതിപ്പെട്ടികൾ അപ്രത്യക്ഷമായത് ചൂണ്ടിക്കാട്ടി 'പരാതിക്കെട്ടഴിച്ച് പരാതിപ്പെട്ടികൾ' എന്ന തലക്കെട്ടിൽ ആഗസ്റ്റ് 6 ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട ഭരതന്നൂർ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ പാങ്ങോട് പഞ്ചായത്തിനുള്ളിൽ സ്ഥാപിക്കാൻ പരാതിപ്പെട്ടികൾ വാങ്ങി നൽകുകയായിരുന്നു. റസിഡന്റ്സ് അസോസിയേഷൻ ഭരതന്നൂരിൽ സംഘടിപ്പിച്ച ചടങ്ങിൽ ക്രൈംബ്രാഞ്ച് എസ്.പി പ്രശാന്തൻ പാങ്ങോട് സി.ഐ സുനീഷിന് പരാതിപ്പെട്ടികൾ കൈമാറി. പൊലീസ് കംപ്ളയിന്റ് ബോക്സുകൾ അസോസിയേഷൻ ഭാരവാഹികളായ എം.എസ്. അശോക് കുമാർ, എം.സതി തിലകൻ, ബി മധുസൂദനൻ എന്നിവരുമായി ആലോചിച്ച് ഉചിതമായ സ്ഥലങ്ങളിൽ ഉടൻ സ്ഥാപിക്കുമെന്ന് സി.ഐ സുനീഷ് അറിയിച്ചു. നാട്ടുകാർക്ക് സ്റ്റേഷനിൽ വരാതെ തന്നെ പരാതികൾ നൽകാൻ അവസരമൊരുക്കുക എന്ന ലക്ഷ്യവുമായാണ് പാങ്ങോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ വർഷങ്ങൾക്ക് മുൻപ് പരാതിപ്പെട്ടികൾ സ്ഥാപിച്ചത്. ഗാർഹിക പീഡനങ്ങൾ, മദ്യപാനികൾ, പൂവാലൻമാർ തുടങ്ങിയ സാമൂഹ്യ വിരുദ്ധർ, മദ്യപിച്ചെത്തുന്ന ഭർത്താക്കൻമാരുടെ അതിക്രമങ്ങൾ തുടങ്ങിയവയ്ക്കെതിരെയുള്ള പരാതികളാണ് പരാതിപ്പെട്ടി വഴി ലഭിച്ചിരുന്നവയിലധികവും. തുടക്കത്തിൽ തന്നെ നാട്ടുകാരുടെ ഭാഗത്ത് നിന്നു വലിയ പ്രതികരണമാണ് ലഭിച്ചത്. സ്ത്രീകളും സ്കൂൾ വിദ്യാർത്ഥിനികളുമായിരുന്നു പരാതിക്കാരിൽ ഏറെയും. പരാതികളിൽ പേരും മേൽവിലാസവും നിർബന്ധം അല്ലാതിരുന്നതിനാൽ പരാതികൾ നൽകാനും നാട്ടുകാർ ഭയന്നില്ല. മാത്രമല്ല കുറ്റകൃത്യങ്ങൾ ചെയ്ത ശേഷം പൊലീസിന്റെ കണ്ണ് വെട്ടിച്ച് നടന്നവരെക്കുറിച്ചും പിടികിട്ടാപ്പുള്ളികളെ കുറിച്ചുമെല്ലാം പൊലീസിന് പരാതിപ്പെട്ടികൾ വഴി നിർണായക വിവരങ്ങൾ ലഭിച്ചിരുന്നു. മേഖലയിൽ പരാതിപ്പെട്ടികൾ ഉണ്ടായിരുന്ന സമയങ്ങളിൽ അതിക്രമങ്ങളും സാമൂഹ്യവിരുദ്ധശല്യവും താരതമ്യേന കുറവായിരുന്നു. എന്നാൽ കഴിഞ്ഞ നാല് വർഷമായി അവയുടെ പ്രവർത്തനം ഇല്ലാതായി. പരാതിപ്പെട്ടികൾ അപ്രത്യക്ഷമായതോടെ നാട്ടിൽ അതിക്രമങ്ങളും വർദ്ധിച്ചു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു കേരള കൗമുദി വാർത്ത നൽകിയത്.