മാഡ്രിഡ് : സ്പാനിഷ് ലാലിഗയിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ബാഴ്സലോണ 5-2ന് വലൻസിയയെ കീഴടക്കി പോയിന്റ് പട്ടികയിൽ നാലാംസ്ഥാനത്തേക്കുയർന്നു.
പരിക്ക് കാരണം സൂപ്പർ താരം ലയണൽ മെസി ഇല്ലാതെയിറങ്ങിയ ബാഴ്സയ്ക്കുവേണ്ടി ലൂയിസ് സുവാരേസ് രണ്ട് ഗോളുകൾ നേടി. കൗമാരതാരം അൻസുമാനേ ഫതി, ഡിയോംഗ്, പിക്വെ എന്നിവർ ഒാരോ ഗോൾവീതം നേടി.
മത്സരത്തിന്റെ രണ്ടാം മിനിട്ടിൽത്തന്നെ ഫതിയിലൂടെ ബാഴ്സലോണ സ്കോറിംഗ് തുടങ്ങിയിരുന്നു. ഏഴാം മിനിട്ടിൽ ഡി ജോംഗും ലകുലുക്കി. 27-ാം മിനിട്ടിൽ ഗമേയ്റോയിലൂടെ വലൻസിയ ഒരു ഗോൾ തിരിച്ചടിച്ചു. ആദ്യപകുതിയിൽ 2-1ന് ബാഴ്സ ലീഡ് ചെയ്തു.
51-ാം മിനിട്ടിൽ പിക്വെയുടെ ഗോളിലൂടെ ബാഴ്സ ലീഡുയർത്തി. 61, 82 മിനിട്ടുകളിലായിരുന്നു സുവാരേസിന്റെ ഗോളുകൾ. അവസാന നിമിഷത്തിലാണ് ഗോമസ് വലൻസിയയുടെ രണ്ടാംഗോൾ നേടിയത്.
നാല് മത്സരങ്ങളിൽനിന്ന് ഏഴ് പോയിന്റാണ് ബാഴ്സലോണയ്ക്കുള്ളത്. ഇൗ സീസണിലെ ബാഴ്സയുടെ രണ്ടാം വിജയമായിരുന്നു വലൻസിയയ്ക്ക് എതിരായത്. ഒൻപത് പോയിന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡ് ഒന്നാംസ്ഥാനത്തും എട്ട് പോയിന്റുള്ള റയൽ മാഡ്രിഡ് രണ്ടാംസ്ഥാനത്തുമാണ്.
കൂവിയവർക്ക് ഗോളിലൂടെ
നെയ്‌മറുടെ മറുപടി
പാരീസ് : സ്പാനിഷ് ക്ളബ് ബാഴ്സലോണയിലേക്ക് ചേക്കേറാനുള്ള നീക്കം എങ്ങുമെത്താതിരിക്കേ ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജിക്കുവേണ്ടി വീണ്ടും കളിക്കാനിറങ്ങിയ ബ്രസീലിയൻ താരം നെയ്‌മർക്ക് ആരാധകരുടെ കൂക്കിവിളി. എന്നാൽ സ്വതസിദ്ധ ശൈലിയിൽ ഇൻജറുടൈമിൽ ഗോളടിച്ച് നെയ്‌മർ തന്നെ കൂവിയവരെ നിശബ്ദരാക്കി.
ഫ്രഞ്ച് ലീഗ് മത്സരത്തിൽ സ്ട്രാസ്ബർഗിനെതിരായ മത്സരത്തിലായിരുന്നു നെയ്‌മറുടെ ഹീറോയിസം. മത്സരം ഗോൾരഹിത സമനിലയിലേക്ക് നീങ്ങുമ്പോഴായിരുന്നു നെയ്‌മറുടെ വിജയഗോൾ. ബാഴ്സലോണയിലേക്ക് പോകാനുള്ള ശ്രമം ട്രാൻസ്‌ഫർ ജാലകം അടച്ചതോടെ തടസപ്പെട്ടതിനെതുടർന്നാണ് നെയ്‌മർ വീണ്ടും പാരീസിനായി കളി തുടങ്ങിയത്.