ammini

എഴുതിത്തുടങ്ങിയ കാലം മുതൽ പെരുമ്പടവത്തിന് ജ്യേഷ്ഠതുല്യനായിരുന്നു കാക്കനാടൻ. കാക്കനാടന്റെ ഭാര്യ അമ്മിണി സ്നേഹവാത്സല്യങ്ങളുടെ തണുപ്പും. അമ്മിണിച്ചേച്ചിയും യാത്രയാകുമ്പോൾ ആ ഓർമ്മകളിൽ പെരുമ്പടവം ശ്രീധരൻ...

അറുപതുകളുടെ അവസാനം കാക്കനാടന്റെ കഥകൾ വായിക്കാൻ തുടങ്ങിയ കാലം മുതൽ അദ്ദേഹത്തോട് എന്തെന്നില്ലാത്ത ഒരിഷ്ടമുണ്ടായിരുന്നു എനിക്ക്. എഴുപതുകളുടെ തുടക്കത്തിൽ, ഞാൻ തിരുവനന്തപുരത്ത് ഒരു വാടക വീട്ടിൽ താമസിക്കുമ്പോൾ ഒരു ദിവസം രണ്ടുപേർ വന്ന് ഗേറ്റിൽ തട്ടി. ചെന്നു നോക്കുമ്പോൾ രണ്ടു പേരും അപരിചിതരാണ്. ഗേറ്റു തുറന്ന് മുറ്റത്തേക്കു വന്നവരിൽ പൊക്കം കൂടിയ ആൾ സ്വയം പരിചയപ്പെടുത്തി: 'ഞാൻ കാക്കനാടൻ,​ ഇവൻ മുകുന്ദൻ.' ഞാൻ വിസ്മയിച്ചുപോയി. പുതിയ മലയാള കഥയുടെ രണ്ടു രാജകുമാരന്മാർ എന്റെ വീട്ടുമുറ്റത്ത്!

ഞാൻ അന്ന് 'അഭയം' എഴുതിയിട്ടുണ്ടെന്നേയുളൂ. എന്നിട്ടും അവർ എന്നെ അന്വേഷിച്ചു വന്നു. ആ സ്നേഹം പിന്നീട് വളരെ ഗാഢമായിത്തീർന്നു. കാക്കനാടൻ ഇടയ്ക്കിടെ വീട്ടിൽവരും. എന്തെങ്കിലും ആവശ്യത്തിന് കൊല്ലത്തു ചെല്ലുമ്പോൾ ഞാൻ കാക്കനാടന്റെ വീട്ടിലും പോകും. ഒരു അനുജനോടുള്ളത്ര സ്നേഹം അദ്ദേഹം എനിക്കു തന്നു . ഞാൻ എന്നും അദ്ദേഹത്തിന്റെ അനുജനായിരുന്നു. മലയാള കഥയുടെ പുതിയ ഭാവുകത്വത്തിന്റെ ശില്പികളിൽ ഒരാളായാണ് മലയാളികൾ കാക്കനാടനെ വരവേറ്റത്. പിന്നീടുള്ള പല സന്ദർഭങ്ങളിലും അദ്ദേഹത്തോടൊപ്പം സഞ്ചരിക്കുമ്പോൾ ആ സ്നേഹത്തിൽ ഞാൻ അഭിമാനം കൊണ്ടിരുന്നു.

ആ വീട്ടിൽ ചെല്ലുമ്പോൾ അമ്മിണിച്ചേച്ചിയുടെ സ്നേഹം ഊഷ്മളമായ ഒരനുഭവമായിരുന്നു. വാത്സല്യത്തിന്റെ നിറകുടംപോലെ തുളുമ്പുന്ന അമ്മിണിച്ചേച്ചി. മലയാളത്തിലെ പുതിയ എഴുത്തുകാരുടെ ഒരു സന്ദർശന കേന്ദ്രമായിരുന്നു അന്നൊക്കെ കാക്കനാടന്റെ വീട്. ഏത് അർദ്ധരാത്രിക്ക് കയറിച്ചെന്നാലും സ്നേഹത്തോടും വാത്സല്യത്തോടുംകൂടി അമ്മിണിച്ചേച്ചി എല്ലാവരെയും സ്വീകരിക്കും.

ആ സൗഭാഗ്യം ദീർഘനാൾ അനുഭവിക്കാൻ യോഗമുണ്ടായ ഒരാളെന്ന നിലയ്‌ക്ക് അമ്മിണിച്ചേച്ചിയുടെ ദേഹവിയോഗത്തെക്കുറിച്ച്‌ ഓർക്കുമ്പോൾ ഇപ്പോൾ എന്തെന്നില്ലാത്ത സങ്കടം തോന്നുന്നു.

ഇടയ്ക്കൊക്കെ ഞാൻ എന്റെ സുഹൃത്ത് ആശ്രാമം ഭാസിയെ വിളിക്കുമ്പോൾ അമ്മിണിച്ചേച്ചിയുടെ വിശേഷങ്ങൾ തിരക്കാറുണ്ടായിരുന്നു. അമ്മിണിച്ചേച്ചിക്ക് കുറച്ച് ഓർമ്മക്കുറവുണ്ടെന്നാണ് ഞാൻ മനസിലാക്കിയത്. അമ്മിണിച്ചേച്ചിക്ക് ഓർമ്മക്കുറവുണ്ടങ്കിലും എനിക്ക് ഓർമ്മയുണ്ടല്ലോ- ചേച്ചിയെ ഒന്നു പോയി കാണണം എന്നു വിചാരിച്ചിരിക്കുമ്പോഴാണ് ഓർക്കാപ്പുറത്ത് ചേച്ചിയുടെ വിയോഗവാർത്ത അറിയുന്നത്. അത്രയേറെ സ്നേഹം പകർന്നുതന്ന അമ്മിണിച്ചേച്ചിയുടെ ഓർമ്മ ഞാൻ മനസ്സിൽ സൂക്ഷിക്കും.