ഒാവൽ : ആഷസിലെ അവസാന ടെസ്റ്റിൽ വിജയം പിടിച്ചെടുത്ത ഇംഗ്ളണ്ട് പരമ്പര സമനിലയിലാക്കിയെങ്കിലും മുൻ ജേതാക്കളെന്ന നിലയിൽ ആസ്ട്രേലിയ കിരീടം നിലനിറുത്തി.
രണ്ടാം ഇന്നിംഗ്സിൽ 399 റൺസിന്റെ ലക്ഷ്യവുമായി ഇറങ്ങിയ ഒാസീസിനെ നാലാം ദിനം 263 റൺസിൽ ആൾഒൗട്ടാക്കിയാണ് ഇംഗ്ളണ്ട് 135 റൺസ് ജയം നേടിയത്. സെഞ്ച്വറി നേടിയ മാത്യു വേഡിന്റെ (117)പ്രകടനമാണ് ഒാസീസിനെ 263 ൽ എത്തിച്ചത്.
ആദ്യ ഇന്നിംഗ്സിൽ ഇംഗ്ളണ്ട് 294 റൺസിൽ ആൾ ഒൗട്ടായിരുന്നു. തുടർന്ന് ആസ്ട്രേലിയയെ അവർ 225 റൺസിൽ ആൾ ഒൗട്ടാക്കി 71 റൺസിന്റെ ലീഡ് നേടി. രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ളണ്ട് 329 ൽ ആൾ ഒൗട്ടായതോടെയാണ് ആസ്ട്രേലിയയ്ക്ക് വിജയലക്ഷ്യമായി 399 റൺസ് നിശ്ചയിക്കപ്പെട്ടത്.
നാലാം ദിവസമായ ഇന്നലെ 313/8 ലാണ് ഇംഗ്ളണ്ട് രണ്ടാംഇന്നിംഗ്സ് പുനരാരംഭിക്കാനെത്തിയത്. 16 റൺസ് കൂടി മാത്രമാണ് ഇന്നലെ അവർ കൂട്ടിച്ചേർത്തത്. ജൊഫ്ര ആർച്ചർ (3), ലീച്ച് (9) എന്നിവരെയാണ് ഇന്നലെ ഇംഗ്ളണ്ടിന് നഷ്ടമായത്. ജോ ഡെൻലി (94), ബെൻ സ്റ്റോക്സ് (67), ബട്ട്ലർ (47) എന്നിവരുടെ ബാറ്റിംഗ് പ്രകടനങ്ങളായിരുന്നു രണ്ടാം ഇന്നിംഗ്സിലെ ഇംഗ്ളീഷ് ഹൈലൈറ്റ്സ്.
ഇന്നലെ രാവിലെതന്നെ അവസാന ഇന്നിംഗ്സിനിറങ്ങിയ ആസ്ട്രേലിയയ്ക്ക് തുടക്കം തകർച്ചയോടെയായിരുന്നു. ഒാപ്പണർമാരായ മാർക്കസ് ഹാരീസ് (9), ഡേവിഡ് വാർണർ (11) എന്നിവരെ ഏഴ് ഒാവറിനുള്ളിൽ സ്റ്റുവർട്ട് ബ്രോഡ് കൂടാരം കയറ്റി. ഹാരിസ് ക്ളീൻ ബൗൾഡായപ്പോൾ വാർണർ ബേൺസിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. പിന്നാലെ മാർക്കസ് ലബുഷാംഗെ (14) യും മടങ്ങി. ലീച്ചിനായിരുന്നു വിക്കറ്റ്.
പരമ്പരയിലെ സൂപ്പർ സ്റ്റാർ സ്റ്റീവൻ സ്മിത്ത് കൂടാരം കയറിയതാണ് ആസ്ട്രേലിയയ്ക്ക് വലിയ തിരിച്ചടിയായത്. ടീം സ്കോർ 85 ൽ നിൽക്കവേ സ്മിത്തിനെ ബ്രോഡ് സ്റ്റോക്സിന്റെ കൈയിലെത്തിച്ചു.23 റൺസാണ് സ്മിത്ത് നേടിയത്. തുടർന്ന് മിച്ചൽ മാർഷും (24) വേഡും ചേർന്ന് 63 റൺസ് കൂട്ടിച്ചേർത്തു. മാർഷ് പുറത്തായശേഷം ക്യാപ്ടൻ ടിം പെയ്‌നും (21)വേഡും ചേർന്ന് 200 ലെത്തിച്ചു. ഇൗ സ്കോറിൽ പെയ്‌നിനെ എൽ.ബിയിൽ കുരുക്കി ലീച്ച് വീണ്ടും ഇംഗ്ളണ്ടിന് മേൽക്കൈ നൽകി. ടീം സ്കോർ 260ൽ വച്ച് വേഡിനെ പുറത്താക്കി ഇംഗ്ളീഷ് വിജയം ഉറപ്പിച്ചു. തുടർന്ന് രണ്ട് വിക്കറ്റുകൾകൂടി വീഴ്ത്തി പരമ്പരയിലെ രണ്ടാം വിജയവും സ്വന്തമാക്കി.