കൊല്ലം: സി.ഐയെ വെടിവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് കുപ്രസിദ്ധ ക്രിമിനൽ മുണ്ടയ്ക്കൽ പെരുമ്പള്ളി തൊടിയിൽ മംഗൽ പാണ്ഡെ എന്ന് വിളിക്കുന്ന എബിൻ പെരേരയ്ക്കെതിരെ പൊലീസ് കേസെടുത്തു. ഇരവിപുരം സി.ഐ അജിത്തിനെയാണ് കഴിഞ്ഞ ദിവസം ഔദ്യോഗിക ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഇതോടെ ഇരവിപുരം പൊലീസ് സ‌്‌റ്റേഷനിൽ മാത്രം മൂന്ന് കേസുകളിൽ എബിൻ പ്രതിയായി. കൊല്ലം വെസ്‌റ്റ് പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ബീയർ പാർലറിൽ മുൻ മിസ്‌റ്റർ കൊല്ലത്തെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതിന് വധശ്രമകേസിലും എബിൻ പ്രതിയാണ്.
' എന്റെ കൈയിലും തോക്കുണ്ട്, നിന്നെ ഞാൻ വെടിവച്ച് കൊല്ലും. ഞാൻ വെടിവച്ചാൽ പ്രശ്നമൊന്നുമില്ല, നീ വെടിവച്ചാൽ മനുഷ്യാവകാശ ലംഘനമാകും' എന്നായിരുന്നു ഭീഷണി.
എബിൻ പെരേരയ്ക്കെതിരെ കഴിഞ്ഞ ദിവസം ഇരവിപുരം പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഈ വിരോധത്തിലാണ് ശനിയാഴ്ച രാത്രി ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. സെപ്‌തംബർ 12 ന് എബിന്റെ നേതൃത്വത്തിലുള്ള സംഘം മാടൻനടയിൽ സി.പി.എം പ്രവർത്തകനും മുൻ അബ്‌കാരിയുമായ രംഗനാഥിന്റെ വീടിന് മുന്നിൽ ഉച്ചഭാഷിണിയിലൂടെ അസഭ്യവർഷം നടത്തിയിരുന്നു. തൊട്ടടുത്ത ദിവസം രാത്രി പള്ളിമുക്കിൽ വച്ച് വാളത്തുംഗൽ സ്വദേശി ഫിറോസിനെ തടഞ്ഞുനിറുത്തി മർദ്ദിച്ച ശേഷം 2,500 രൂപ അടങ്ങിയ പഴ്സ് തട്ടിയെടുത്തു. ഈ കേസുകളിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലായിരുന്നു ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
സെപ്‌തംബർ 12 നാണ് ബീയർ പാർലറിൽ വച്ച് യുവാവിനെ കുത്തിയത്. സി. ഐ യെ ഭീഷണിപ്പെടുത്തിയതൊഴികെയുള്ള മൂന്ന് കേസുകളിലും വടക്കേവിള മണക്കാട് ക്രസന്റ് നഗർ 19ൽ (ചിറയഴികത്ത് വീട്) നിയാസിനെതിരെയും കേസടുത്തിരുന്നു. നിയാസിന്റെ പേരിലും പൊലീസ് തെരച്ചിൽ നോട്ടീസ് പ്രസിദ്ധീകരിച്ചിരുന്നു. നിരവധി കേസുകളിൽ പ്രതിയായ മംഗൽ പാണ്ഡയെ കാപ്പ ചുമത്തി നേരെത്തെ ഒരു വർഷത്തേക്ക് നാട് കടത്തിയെങ്കിലും കേസുകളുടെ കാലയളവിലെ പഴുത് ചൂണ്ടിക്കാട്ടി കാപ്പ കേസുകളിൽ അപ്പീൽ പരിഗണിക്കുന്ന ട്രൈബ്യൂണലിൽ നിന്ന് എബിൻ പെരേര അനുകൂല വിധി സമ്പാദിച്ചിരുന്നു. പുതിയ കേസുകളുടെ പശ്ചാത്തലത്തിൽ കാപ്പ ചുമത്താനുള്ള നടപടികൾ കൊല്ലം സിറ്റി പൊലീസ് ആരംഭിച്ചു. എബിൻ പെരേര കൈയിൽ തോക്കുമായാണ് സഞ്ചരിക്കുന്നതെന്ന് നേരത്തെ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്‌തിരുന്നു.