ലണ്ടൻ:കല്യാണപാർട്ടിക്കെത്തി ഭക്ഷണം കഴിക്കുമ്പോൾ കൂടുതലാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണേ. ഇല്ലെങ്കിൽ ലണ്ടനിലെ പതിനാറുകാരന് പറ്റിയതുപോലെയാവും. അനുവദിച്ചതിൽ കൂടുതൽ ഭക്ഷണം കഴിച്ചു എന്ന പേരിൽ പതിനാറുകാരന് വധുവിന്റെ പിതാവ് ഭക്ഷണത്തിന്റെ ബില്ല് നൽകുകയായിരുന്നു. എത്രയും പെട്ടെന്ന് ബിൽ തുക നൽകിയില്ലെങ്കിൽ നിയമനപടി സ്വീകരിക്കും എന്നാണ് ഭീഷണി. പതിനാറുകാരന്റെ അമ്മയാണ് വിവരം പുറത്തുവിട്ടത്.
യുവതിക്കും മകനും നന്നായി അടുപ്പമുള്ള വ്യക്തിയുടെ മകളുടേതായിരുന്നു വിവാഹം. ഇരുവരെയും പ്രത്യേകം ക്ഷണിക്കുകയും ചെയ്തിരുന്നു. വിവാഹത്തിനുശേഷമുള്ള സത്കാരത്തിനാണ് ഇരുവരും എത്തിയത്.
പ്രായപൂർത്തിയായവർക്കും അല്ലാത്തവർക്കും പ്രത്യേകം പ്രത്യേകമാണ് ഭക്ഷണം ക്രമീകരിച്ചിരുന്നത്. എന്നാൽ ഇതിനെക്കുറിച്ച് സൂചനകളൊന്നും നൽകിയിരുന്നില്ല. അമ്മയോടൊപ്പമെത്തിയ മകൻ മുതിർന്നവർക്കുള്ള ഭക്ഷണമാണ് കഴിച്ചത്. നല്ല രുചിയായിരുന്നതിനാൽ മൂക്കുമുട്ടെ തിന്നുകയും ചെയ്തു.
ഭക്ഷണം കഴിച്ച് വധൂവരന്മാർക്ക് ആശംസയുമർപ്പിച്ച് വീട്ടിൽ മടങ്ങിയെത്തി അല്പം കഴിഞ്ഞപ്പോഴാണ് വധുവിന്റെ വീട്ടിൽനിന്ന് ഫോൺസന്ദേശമെത്തിയത്. പതിനാറുകാരൻ അനുവദിച്ചതിനെക്കാൾ കൂടുതൽ ഭക്ഷണം കഴിച്ചതിനാൽ കാറ്ററിംഗ് സർവീസുകാർ കൂടുതൽ തുക ഇൗടാക്കിയെന്നും ആ തുക നൽകണമെന്നുമായിരുന്നു ഫോണിലൂടെ ആവശ്യപ്പെട്ടത്. ബിൽ തയ്യാറാക്കി അയച്ചിട്ടുണ്ടെന്നും വധുവിന്റെ പിതാവ് അറിയിച്ചു. സംഭവം അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നാണ് യുവതി പറഞ്ഞത്. എന്നാൽ സംഭവത്തിൽ അസ്വാഭാവികത ഒന്നും ഇല്ലെന്നാണ് വധുവിന്റെ വീട്ടുകാരുടെ ന്യായം.