bharanikavu-elayum-bhagav

കല്ലമ്പലം: ഇരു കരയിലുമായി കർഷകരും, കൂലിപ്പണിക്കാരും, കശുവണ്ടി തൊഴിലാളികളുമൊക്കെ താമസിക്കുന്ന നാവായിക്കുളം ഭരണിക്കാവ് ഏലായിലേക്ക് റോഡ്‌ വേണമെന്നാവശ്യത്തിന് നൂറ്റാണ്ട് പഴക്കമുണ്ട്. എന്നാൽ തലമുറകൾ പിന്നിട്ട ഈ ആവശ്യം ഇതുവരെ അധികൃതർ പരിഗണിച്ചിട്ടില്ല. കൊയ്ത്ത് - മെതി യന്ത്രങ്ങളും, ട്രാക്ടറുകളും ഏലായിലേക്ക് എത്തിക്കാൻ കഴിയാത്തതിനാൽ കൃഷി നടത്താൻ ചെലവ് അധികമാകുകയാണ്. അതിനാൽ കർഷകർ പലരും കൃഷിയിൽ നിന്നും പിന്തിരിഞ്ഞു. ഏക്കറുകണക്കിന് നിലങ്ങളാണ് ഇവിടെ തരിശായി കിടക്കുന്നത്. നെൽപ്പാടങ്ങൾക്കു നടുവിൽ മരങ്ങളാൽ ചുറ്റപ്പെട്ട പ്രദേശത്തിന്റെ ഒറ്റനടുവിലായാണ് ഭരണിക്കാവ് ഭഗവതി ക്ഷേത്രം. ഇത്തരത്തിൽ പ്രകൃതി മനോഹരമായ ഒരു ക്ഷേത്രം നാവായിക്കുളം പ്രദേശത്ത് വേറെയില്ല. നാവായിക്കുളം ശ്രീ ശങ്കര നാരായണ സ്വാമി ക്ഷേത്രത്തോളം കാലപ്പഴക്കം ഈ ക്ഷേത്രത്തിനുമുണ്ട്. ചന്ദനമരങ്ങൾ, ഔഷധ സസ്യങ്ങൾ, മറ്റു വൃക്ഷലതാദികൾ എന്നിവയാൽ സമ്പുഷ്ടമായ ക്ഷേത്രം ഈ നാടിന്റെ ഐശ്വര്യത്തിന്റെ പ്രതീകമാണെങ്കിലും റോഡില്ലാത്തത് ക്ഷേത്രത്തിന്റെ വികസനത്തെ പിന്നോട്ടടിക്കുന്നു. നൂറുകണക്കിന് ഭക്തരാണ് നിത്യേന കാൽനടയായി ക്ഷേത്രത്തിലെത്തുന്നത്. എല്ലാ വർഷവും മീനമാസത്തിലെ ഭരണി നാളിലാണ് ഇവിടെ ഉത്സവം. തലച്ചുമടായി തന്നെയാണ് ഉത്സവത്തിനുള്ള സാധന സാമഗ്രികൾ ഇവിടെയെത്തിക്കാറുള്ളത്. റോഡ്‌ യാഥാർത്ഥ്യമായാൽ നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന ഈ ക്ഷേത്രത്തിലേക്ക് ഭക്തരുടെയും, ടൂറിസ്റ്റുകളുടെയും തിരക്ക് വർദ്ധിക്കുമെന്ന് നാട്ടുകാർ പറയുന്നു. ജനപ്രതിനിധികൾ റോഡ്‌ നിർമിക്കുമെന്ന് ഉറപ്പു നൽകിയെങ്കിലും ഇതു വരെയും നടപ്പായിട്ടില്ല. വിവിധ സ്ഥലങ്ങളിൽ നിന്നും ഇവിടെ വന്നു പോകുന്ന ഭക്തർ പൂജാ സാധനങ്ങളും മറ്റും വാങ്ങി ഒരു കിലോമീറ്ററോളം നടന്നു വേണം ക്ഷേത്രത്തിലെത്താൻ. വാഹനം കടന്നു പോകുന്ന ഒരു പൊതുവഴി ക്ഷേത്രത്തിനും, ഏലായിലെ കൃഷിക്കും ഗുണകരമാകുമെന്നാണ് ജനങ്ങളുടെ അഭിപ്രായം.