palarivatom-fly-over

തിരുവനന്തപുരം: നിർമ്മാണത്തിലെ അപാകത മൂലം അപകടാവസ്ഥയിലായ പാലാരിവട്ടം മേൽപാലം പൊളിച്ചുപണിയാൻ സർക്കാർ തീരുമാനം. അടിസ്ഥാനപരമായി പാലത്തിന് ബലക്ഷയമുള്ളതിനാൽ പുനരുദ്ധാരണമോ ശക്തിപ്പെടുത്തലോ ഫലപ്രദമാകില്ലെന്ന് ഇന്നലെ കൂടിക്കാഴ്ചയിൽ മെട്രോമാൻ ഇ. ശ്രീധരൻ വ്യക്തമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പാലത്തിന്റെ ഡിസൈൻ, എസ്റ്റിമേറ്റ് എന്നിവ ഇ. ശ്രീധരൻ തയ്യാറാക്കും. നിർമ്മാണത്തിന്റെ പൊതുവായ മേൽനോട്ടവും അദ്ദേഹം നിർവഹിക്കും. സ്ഥായിയായ പരിഹാരത്തിന് പാലം പുതുക്കിപ്പണിയണമെന്നാണ് ശ്രീധരന്റെ അഭിപ്രായം. ഒക്ടോബർ ആദ്യവാരം നിർമ്മാണം തുടങ്ങി ഒരു വർഷം കൊണ്ട് പൂർത്തിയാക്കുകയാണ് ലക്ഷ്യം. പുനർനിർമ്മാണം സാങ്കേതിക മികവുള്ള ഏജൻസിയെ ഏല്പിക്കും. മേൽനോട്ടത്തിന് വിദഗ്ദ്ധ ഏജൻസിയുമുണ്ടാകും.

പാലത്തിന്റെ ബലക്ഷയത്തെപ്പറ്റി പഠിക്കാൻ നിയോഗിച്ച ചെന്നൈ ഐ.ഐ.ടിയിലെ വിദഗ്ദ്ധരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശ്രീധരനുമായി സംസാരിച്ചത്. തകർച്ച നേരിട്ട പാലം പുനരുദ്ധരിക്കുകയാണെങ്കിൽ അതെത്രകാലം നിലനിൽക്കുമെന്നതിനെപ്പറ്റി ഐ.ഐ.ടിയുടെ റിപ്പോർട്ടിൽ വ്യക്തതയില്ലാത്ത പ്രശ്നമുണ്ട്. സാങ്കേതികമായും സാമ്പത്തികമായും പുനർനിർമ്മാണമാണ് കൂടുതൽ ഉചിതമെന്നാണ് ചർച്ചയിൽ വിലയിരുത്തിയത്. ബന്ധപ്പെട്ട സാങ്കേതികപ്രശ്നങ്ങൾ ഇ. ശ്രീധരൻ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും ചർച്ചയിൽ പങ്കെടുത്തു.

പാലാരിവട്ടം പാലം നിർമ്മാണത്തിലെ അഴിമതിയാരോപണവുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം കൃത്യമായി നടക്കുന്നുണ്ടെന്നും അതിന്റെ വിവരങ്ങൾ ഇടയ്ക്ക് സർക്കാരിന് നൽകുന്ന പതിവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.