തിരുവനന്തപുരം: മിൽമ പാലിന്റെ വില വർദ്ധന വ്യാഴാഴ്‌ച മുതൽ നടപ്പിലാക്കും. ലിറ്ററിന് നാല് രൂപയാണ് വർദ്ധിപ്പിക്കുന്നത്. ഇതിൽ മൂന്ന് രൂപ 35 പൈസ ക്ഷീര കർഷകനും 16 പൈസ ക്ഷീര സംഘങ്ങൾക്കും നൽകുമെന്ന് മിൽമ ചെയർമാൻ പി.എ. ബാലൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 32 പൈസ ഏജന്റുമാർക്കും മൂന്ന് പൈസ ക്ഷേമനിധിക്കും ലഭിക്കും. അതേസമയം പുതുക്കിയ വിലയുള്ള കവറുകൾ ലഭിക്കുന്നതു വരെ പഴയ വിലയുള്ള കവറുകളിലായിരിക്കും പാൽ വിതരണം. ഇതിന് മുമ്പ് 2017 ഫെബ്രുവരിയിലാണ് മിൽമ പാൽവില വർദ്ധിപ്പിച്ചത്.
വിറ്റാമിൻ എ, ഡി എന്നിവ ചേർത്ത ഫോർട്ടിഫൈഡ് പാൽ വിൽക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം 23ന് എറണാകുളത്ത് നടക്കുമെന്നും പി.എ. ബാലൻ അറിയിച്ചു. വാർത്താസമ്മേളനത്തിൽ തിരുവനന്തപുരം മേഖലാ യൂണിയൻ ചെയർമാൻ കല്ലട രമേശ്, മിൽമ എം.ഡി ഡോ. പാട്ടീൽ സുയോഗ് സുഭാഷ് റാവു, ജോൺ തെരുവത്ത്, യൂസൂഫ് കോറത്ത്, കരുമാടി മുരളി തുടങ്ങിയവർ പങ്കെടുത്തു.
വിവിധ തരം പാൽ പഴയ വില പുതിയ വില
മഞ്ഞകവർ (1 ലിറ്റർ) 40 44
ഇളം നീല കവർ (1 ലിറ്റർ) 40 44
കടുംനീല കവർ (1 ലിറ്റർ) 42 46
കാവി, പച്ച നിറമുള്ള കവറുകൾ 44 48