എണ്ണയ്ക്ക് തീപിടിച്ചാലുണ്ടാകാവുന്ന വൻ വിപത്ത് കണ്ടുകൊണ്ടാണ് എരിതീയിൽ എണ്ണ ഒഴിക്കരുതെന്ന് പഴമക്കാർ പണ്ടുകാലംതൊട്ടേ ഒാർമ്മപ്പെടുത്തിയിരുന്നത്. എന്നാൽ ശനിയാഴ്ച പുലർച്ചെ സൗദി അറേബ്യയിലെ അരാംകോയുടെ കൂറ്റൻ എണ്ണപ്പാടത്തും എണ്ണ ശുദ്ധീകരണശാലയിലും ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തിയ ഹൂതി വിമതർ പരമാവധി നാശം വരുത്താൻ തന്നെയാണ് ലക്ഷ്യമിട്ടത്. അതിന്റെ ഫലം അനുഭവിക്കേണ്ടി വന്നതാകട്ടെ ലോകം ഒന്നാകെയുമാണ്.
ലോകവിപണിയിൽ ഒറ്റദിവസം കൊണ്ട് ക്രൂഡ് ഒായിൽ വിലയിൽ ഇരുപത് ഡോളറിന്റെ വർദ്ധനയാണ് അനുഭവപ്പെട്ടത്. മൂന്ന് പതിറ്റാണ്ടിനിടയിൽ ഇത്തരത്തിലൊരു വർദ്ധനയുണ്ടാകുന്നത് ഇതാദ്യമാണ്. എഴുപത് ഡോളറായി കുതിച്ചുയർന്ന ക്രൂഡ് വില എൺപത് ഡോളറിലേക്ക് ഇനിയും ഉയരുമെന്നാണ് സൂചന. ആക്രമണത്തിൽ തകർന്ന അരാംകോയുടെ പ്ളാന്റുകൾ പഴയ നിലയിലെത്തിക്കാൻ വൈകുന്തോറും എണ്ണവില ചാഞ്ചാടിക്കൊണ്ടിരിക്കും. ലോകത്തെ ക്രൂഡ് ആവശ്യത്തിൽ പത്തുശതമാനം സൗദി അറേബ്യയിൽ നിന്നുള്ളതാണ്. അരാംകോയുടെ പ്ളാന്റുകൾ പ്രവർത്തനരഹിതമായതോടെ സൗദിയുടെ എണ്ണ ഉത്പാദനത്തിൽ നേർപകുതിയാണ് കുറവ് വന്നിരിക്കുന്നത്. 57 ലക്ഷം ബാരലിന്റെ ഇൗ കുറവ് ഏറ്റവുമധികം ബാധിക്കാൻ പോകുന്നത് ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളെയാണ്. ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതി അധികവും സൗദി അറേബ്യയിൽ നിന്നാണ്. ഇറാനെതിരെ ഉപരോധം നിലനിൽക്കുന്ന സാഹചര്യത്തിൽ അവിടെനിന്നുള്ള ഇറക്കുമതി അസാദ്ധ്യമായിട്ടുണ്ട്.
ക്രൂഡ് വില അൻപതു ഡോളറിനും താഴ്ന്ന ഘട്ടത്തിൽ പോലും ഇന്ത്യയിൽ ഇന്ധനവില ഉയർന്ന നിലയിലായിരുന്നു. ക്രൂഡ് വിലയുമായി ഒരുതരത്തിലും പൊരുത്തമില്ലാത്ത ഇന്ധനവില ഘടന എത്രയോ വർഷങ്ങളായി നിലനിൽക്കുകയാണ്. ക്രൂഡ് വില കുറഞ്ഞാൽ ഇന്ധനവിലയിലും അത് പ്രതിഫലിക്കേണ്ടതാണ്. എന്നാൽ യുക്തിസഹമായ നിലയിൽ ഇന്ധനവില നിശ്ചയിക്കാതെ പരമാവധി ചൂഷണത്തിനാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുതിരുന്നത്. ജി.എസ്.ടി പരിഷ്കാരം വന്നപ്പോഴും ഇന്ധനങ്ങളെ അതിന്റെ ഉയർന്ന പരിധിയിൽ പോലും പെടുത്താതെ ഒഴിച്ചുനിറുത്തിയത് വരുമാനവർദ്ധന മാത്രം ലക്ഷ്യമിട്ടായിരുന്നു. ഇനിയിപ്പോൾ സൗദിയിലെ ഉത്പാദന പ്രതിസന്ധിയുടെ മറവിൽ ആഗോളതലത്തിൽ ക്രൂഡ് വില ഉയർന്നു കഴിഞ്ഞു. ഇപ്പോൾത്തന്നെ മുകളറ്റം തൊട്ട പെട്രോൾ - ഡീസൽ വില മുൻ റെക്കാഡുകളെല്ലാം ഭേദിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. കടുത്ത മാന്ദ്യം നേരിടുന്ന സമ്പദ് വ്യവസ്ഥയെ കൂടുതൽ പരിക്ഷീണമാക്കുന്ന സാഹചര്യമാണ് വരാൻ പോകുന്നത്. പലവിധ കാരണങ്ങളാൽ നാല്പതുശതമാനത്തോളം ഉത്പാദനക്കുറവുണ്ടായ വാഹനവിപണി കൂടുതൽ പ്രതിസന്ധിയിലാകാൻ പോവുകയാണ്. ഭയപ്പാടോടെയല്ലാതെ പുതിയ വാഹനങ്ങൾ വാങ്ങാൻ ഇടത്തരക്കാർ ഒരുങ്ങുമെന്നു തോന്നുന്നില്ല. സ്വാഭാവികമായും വാഹന വിപണിയെ കൂടുതൽ തളർത്തുന്ന കാലമാണ് മുന്നിലുള്ളത്.
നികുതിരംഗത്ത് വൻ പരീക്ഷണമെന്ന നിലയിലാണ് രാജ്യമൊട്ടാകെ ബാധകമായ ചരക്കു സേവന നികുതി (ജി.എസ്.ടി) ഏർപ്പെടുത്തിയത്. അപ്പോഴും ഇന്ധനവില അതിൽ ഉൾപ്പെടുത്താതെ ബാക്കിവച്ചു. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നെങ്കിലും ഫലമുണ്ടായില്ല. എണ്ണ സംസ്കരണ ശാലകൾ നിശ്ചയിക്കുന്ന വിലയുടെ ഇരട്ടിയിലധികം ഉപഭോക്താക്കൾ നൽകേണ്ടി വരുന്നത് കേന്ദ്ര-സംസ്ഥാന നികുതികൾ ഉയർന്ന തോതിലായതുകൊണ്ടാണ്. ക്രൂഡ് വില എഴുപതും എൺപതും ഡോളറായി കുതിച്ചുയരുമ്പോൾ അതിന്റെ ഭാരവും ഉപഭോക്താക്കളുടെ ചുമലിലാകും.
നാനാ മേഖലകളിലും അത് വിലക്കയറ്റവും സൃഷ്ടിക്കും. യാത്രക്കൂലി വർദ്ധന ഉൾപ്പെടെ നേരിടേണ്ടി വരും. ക്രൂഡ് വില വർദ്ധനവിന്റെ അധികഭാരം പൂർണമായും ജനങ്ങളുടെ തലയിൽ കെട്ടിവയ്ക്കാതെ നികുതി നിരക്കിൽ കുറവ് വരുത്തി ആശ്വാസം നൽകുന്നതിനെക്കുറിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആലോചിക്കേണ്ടതാണ്. ക്രൂഡ് വിലകൂടിയാൽ ഇന്ധന വില്പനയിൽ നിന്നുള്ള വരുമാനവും കൂടും എന്ന ചിന്ത സർക്കാർ ഉപേക്ഷിക്കണം. പ്രതിസന്ധിയിൽപ്പെട്ടുഴലുന്ന സമ്പദ് വ്യവസ്ഥയെ കൂടുതൽ കുഴപ്പത്തിലാക്കുന്ന നടപടിയാകും ഇന്ധനവില വർദ്ധന.ഇന്ധനവും ജി.എസ്.ടി പരിധിയിലാക്കിയാൽ ഇപ്പോൾ ഇൗടാക്കുന്ന അമിത വിലയ്ക്ക് ഒരുപരിധിവരെ തടയിടാനാകും. ജി.എസ്.ടി വരുമാനം വർദ്ധിപ്പിക്കാൻ പ്രായോഗിക സമീപനം സ്വീകരിക്കണം.
നികുതി ചോർച്ച അടച്ചാൽത്തന്നെ വരുമാനം കുതിച്ചുയരും. കഴിഞ്ഞ സാമ്പത്തിക വർഷം ജി.എസ്.ടി വരുമാനത്തിൽ 50000 കോടി രൂപയെങ്കിലും കുറവുണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. മുമ്പുള്ളതിനെക്കാൾ കൂടുതലായി നികുതി വെട്ടിപ്പ് നടക്കുന്നതു കൊണ്ടാണിത്. നികുതി ചോർച്ച പൂർണമായും തടയാനാവുമെന്ന പ്രഖ്യാപനത്തോടെ കൊണ്ടുവന്ന ജി.എസ്.ടി പരിഷ്കാരം കൂടുതൽ നികുതിക്കൊള്ളയ്ക്ക് വഴി തുറന്നെങ്കിൽ അതിന് കാരണം സർക്കാരിന്റെ പിടിപ്പുകേടാണ്. ഒരു ചോക്ളേറ്റ് വാങ്ങിയാൽപ്പോലും നികുതി ഇൗടാക്കുന്നുണ്ട്. ഇങ്ങനെ പിരിക്കുന്ന നികുതി സർക്കാരിലെത്തുന്നില്ലെങ്കിൽ അത് കണ്ടെത്തി ചോർച്ച അടയ്ക്കേണ്ടത് സർക്കാരിന്റെ ചുമതലയാണ്. ഇന്ധനങ്ങളുടെ മേലുള്ള ദുർവഹമായ നികുതി നിരക്ക് യുക്തിസഹമായ നിലയിൽ കുറയ്ക്കാൻ മറ്റിനങ്ങളിലുള്ള നികുതി ചോർച്ച ഇല്ലാതാക്കിയാൽ മതിയാകും. ആഗോള ക്രൂഡ് വിപണിയിലെ പ്രതിസന്ധിയിൽ നിന്ന് ഇന്ത്യയ്ക്കും ഒഴിഞ്ഞു നിൽക്കാനാവില്ലെങ്കിലും അതിന്റെ ആഘാതം പരമാവധി കുറയ്ക്കാൻ സർക്കാർ വിചാരിച്ചാൽ സാധിക്കും. പ്രായോഗികമായി ചിന്തിക്കണമെന്നു മാത്രം.