തിരുവനന്തപുരം: തിങ്ങിനിറഞ്ഞ സദസിന് മുന്നിൽ താള മേള ലാസ്യ ഭാവങ്ങൾ സമന്വയിപ്പിച്ച് 'കൗമുദി ടി.വി ഓണം എക്സ്ട്രീം" കൊട്ടിക്കയറിയപ്പോൾ അനന്തപുരിക്കിത് തിമിർത്താഘോഷത്തിന്റെ തിങ്കൾരാവായി. അക്ഷരാർത്ഥത്തിൽ ഓണം വാരാഘോഷത്തിന്റെ സമാപനം അവിസ്മരണീയമാക്കുകയായിരുന്നു സെൻട്രൽ സ്റ്രേഡിയം ഇന്നലെ. ഓണം വാരാഘോഷത്തിന്റെ ഘോഷയാത്ര സെക്രട്ടേറിയറ്റ് നട പിന്നിടുമ്പോഴേക്കും "ഓണം എക്സ്ട്രീം" ആരംഭിച്ചിരുന്നു.

സംഗീതപ്രേമികൾക്ക് സുപരിചിതനായ കിഷോർ പാടിയ 'ഓണപ്പൂവേ പൂവേ..' എന്ന ഗാനത്തോടെയാണ് സംഗീതരാവിന് തുടക്കമായത്. റിയാലിറ്റി ഷോയിലൂടെയും സിനിമയിലൂടെയും സംഗീതാസ്വാദകർക്ക് പ്രിയങ്കരിയായ മൃദുല വാര്യരുടെ ഊഴമായിരുന്നു പിന്നീട്. 'സ്വരകന്യകമാർ വീണ മീട്ടുകയായി', 'വരമഞ്ഞളാടിയ രാവിന്റെ', തുമ്പി വാ തുമ്പക്കുടത്തിൽ' തുടങ്ങിയ ഗാനങ്ങൾക്ക് ശേഷം മൃദുല അടിപൊളി ഗാനങ്ങളിലേക്ക് ചുവടുമാറ്റി. ഇതോടെ സദസ് ആനന്ദതുന്ദിലമായി.
തട്ടത്തിൽ മറയത്ത് സിനിമയിലെ 'മുത്തുച്ചിപ്പി പോലൊരു...' എന്ന ഗാനത്തോടെ മലയാളി മനസുകളിൽ ചേക്കേറിയ യുവ ഗായകൻ സച്ചിൻ വാര്യർ വേദിയിലെത്തിയതോടെ സദസ് ഇളകിമറിഞ്ഞു. 'മുസ്തഫാ മുസ്തഫാ...' സച്ചിൻ ആടിപ്പാടിയതോടെ സദസും കൂടെക്കൂടി.

റിയാലിറ്റി ഷോകളിലൂടെ മലയാളികൾക്ക് സുപരിചിതയായ ഗൗരിയുടെ ഗാനങ്ങളും നിറഞ്ഞ കൈയടിയോടെയാണ് സദസ് സ്വീകരിച്ചത്.

 സദസിനെ വിസ്മയിപ്പിച്ച് വൈഷ്ണവി

പിന്നണിയിൽ മുഴങ്ങുന്ന സംഗീതത്തിനൊപ്പം ജിംനാസ്റ്റിക് പ്രകടനങ്ങളുമായെത്തിയ കോയമ്പത്തൂർ സ്വദേശിനി വൈഷ്ണവിയുടെ ഓരോ പ്രകടനങ്ങളും ശ്വാസമടക്കിപ്പിടിച്ചാണ് സദസ് വീക്ഷിച്ചത്. ശരീരം പൂർണമായും വളച്ചും പിണച്ചും തന്റെ വരുതിയിലാക്കി വൈഷ്ണവി അവതരിപ്പിച്ച ഓരോ ചലനങ്ങളും വിസ്മയിപ്പിച്ചു. ഗിന്നസ്, ലിംക ബുക്ക് റെക്കാഡുകളടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള വൈഷ്ണവിയുടെ പ്രകടനം ഓണം എക്സ്ട്രീമിന്റെ മാറ്റ് കൂട്ടി.

 മേളക്കൊഴുപ്പുമായി ആട്ടം

ഒരുവശത്ത് ചെണ്ടയുമായി നിരന്ന് നിൽക്കുന്ന 28 കലാകാരൻമാർ, മറുവശത്ത് വയലിനും ഗിത്താറും ഡ്രംസുമായി ഒരുകൂട്ടം ഫ്രീക്കൻമാർ. നാടൻവാദ്യങ്ങളുടെ മേളപ്പെരുക്കവും പാശ്ചാത്യവാദ്യതാളവും ഒന്നിച്ചുചേർന്നപ്പോൾ ആവേശത്തിന്റെ പരകോടിയിലെത്തി സെൻട്രൽ സ്റ്രേഡിയം. സംസ്ഥാനത്തെ മികച്ച ചെണ്ടമേള ഗ്രൂപ്പുകളിലൊന്നായ 'ആട്ടം കലാസമിതി'യും പ്രമുഖ മ്യൂസിക് ബാൻഡ് 'ചെമ്മീനും' കൂടിച്ചേർന്നപ്പോൾ അരങ്ങേറിയത് നവ്യസംഗീതത്തിന്റെ പുത്തൻ വിരുന്ന്. ആവോളം ആസ്വദിച്ച് ആരാധകരും.

 കൈയടി നേടി മേയർ ബ്രോയും വാവ സുരേഷും

മേയർ വി.കെ. പ്രശാന്തിന്റെ നേതൃത്വത്തിൽ പ്രളയകാലത്ത് സംഘടിപ്പിച്ച ദുരിതാശ്വാസ പ്രവർത്തനങ്ങളെപ്പറ്രി സ്വാഗതപ്രാസംഗികൻ സൂചിപ്പിച്ചപ്പോൾ സദസൊന്നാകെ കരഘോഷം മുഴക്കി. മന്ത്രി ജി.സുധാകരന്റെ കൈയിൽ നിന്നു കൗമുദി ടി.വിയുടെ ആദരം മേയർ ഏറ്റുവാങ്ങുമ്പോഴും കരഘോഷം നിലച്ചിരുന്നില്ല.

500 എപ്പിസോഡ് പിന്നിട്ട കൗമുദി ടി.വിയുടെ ജനപ്രിയ പരിപാടി 'സ്നേക്ക് മാസ്റ്ററിന്റെ" അവതാരകൻ വാവ സുരേഷിനെയും ചടങ്ങിൽ ആദരിച്ചു. വളർച്ചയുടെ ഓരോ ഘട്ടത്തിലും കൗമുദി ടി.വി കൂടെയുണ്ടായിരുന്നെന്നും തന്നോടൊപ്പം പ്രവർത്തിച്ച എല്ലാവർക്കും ഈ അംഗീകാരം സമർപ്പിക്കുന്നുവെന്നും വാവ സുരേഷ് പറഞ്ഞു. പാമ്പുപിടിത്തവുമായി ബന്ധപ്പെട്ട് 10 ലക്ഷത്തിലധികം കിലോമീറ്ററുകൾ സഞ്ചരിച്ചു. ഒരു കോടി രൂപയിലധികം ചെലവായെന്നും വാവ സുരേഷ് പറഞ്ഞു.