rt

വെമ്പായം: ടൂറിസം പദ്ധതി നടപ്പിലാക്കുന്ന തമ്പുരാൻ തമ്പുരാട്ടി പാറയ്ക്ക് ഭീഷണിയായി കൈയേറ്റം. പാറയുടെ ഒരു ഭാഗം മുഴുവൻ പാറക്വാറി കൈയേറി കഴിഞ്ഞു. വിവാരാകാശം വഴി ലഭിച്ച വിവര പ്രകാരം തമ്പുരാൻ പാറയിലെ 362/3, 363/1, 364/5, 374/3 എന്നീ പുറംപോക്ക് ഭൂമി സ്വകാര്യ പാറക്വാറി അനധികൃതമായി ഉപയോഗിക്കുകയാണ്. തമ്പുരാൻ പാറയുടെ കവാടം എന്ന്‍ വിശേഷിപ്പിക്കുന്ന മുത്തിപാറയുടെ മുൻവശം മുഴുവൻ പാറക്വാറി ഖനനം നടത്തി കഴിഞ്ഞു. എന്നാൽ പാറയുടെ സ്ഥിര വിവരങ്ങളുടെ ശരിയായ വിവരങ്ങൾ ശേഖരിക്കുന്നതിന് വിവിധ ഉത്തരവുകൾ ഉണ്ടായിട്ടും തമ്പുരാൻ തമ്പുരാട്ടി പാറയുടെ കൃത്യമായ വിവരശേഖരണം നടത്താൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കഴിഞ്ഞിട്ടില്ല. ആദ്യ കാലങ്ങളിൽ നിരവധി സഞ്ചാരികളാണ് ഇവിടേക്ക് വന്നു കൊണ്ടിരുന്നത്. എന്നാൽ പാറക്വാറിയുടെ ഖനനം ടൂറിസം വകുപ്പിന് കീഴിലുള്ള പാറയ്ക്ക് സമീപം എത്തിയതിനാൽ ഇവിടേക്ക് വരുന്ന സഞ്ചാരികളുടെ എണ്ണത്തിലും കുറവ് സംഭവിക്കുന്നു. സഞ്ചാരികൾ എത്താതാകുന്നതോടെ ടൂറിസം വകുപ്പ് ഇവിടെ ശ്രദ്ധിക്കാതെ വരുകയും അതോടെ പാറക്വാറികളുടെ പ്രവർത്തനം സുഗമമായി നടക്കുകയും ചെയ്യും.

മാണിക്കൽ പഞ്ചായത്തിലെ ഉയരം കൂടിയ സ്ഥലം എന്നതിനാൽ ഇവിടെ പഞ്ചായത്തിലെ മുഴുവൻ സ്ഥലത്തും കുടിവെള്ളം എത്തുന്നതിനുള്ള വാട്ടർ ടാങ്ക് സ്ഥാപിക്കാൻ പഞ്ചായത്ത് തീരുമാനിക്കുകയുണ്ടായി. ഇതിനായി സ്ഥലം സന്ദർശിക്കുകയും ചെയ്തു. എന്നാൽ ഈ പദ്ധതിപോലും അട്ടിമറിക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ പാറ ക്വാറികളുടെ നീക്കം. ടാങ്ക് വരുകയാണെങ്കിൽ പാറ ഖനനം നടത്താൻ കഴിയില്ല എന്നതാണ് കാരണം എന്ന്‍ മദപുരം ആക്ഷൻ കൗൺസിൽ അംഗങ്ങൾ പറയുന്നു. തമ്പുരാൻ പാറയുടെ സംരക്ഷണത്തിനായി പുറമ്പോക്ക് ഭൂമികൾ അളന്നു തിട്ടപ്പെടുത്തണം എന്നാണു നാട്ടുകാരുടെ ആവശ്യം.