കിളിമാനൂർ: കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ് ) പാസാകാൻ നിലവിൽ സർവീസിലുള്ളവരുടെ കാലാവധി നീട്ടണമെന്നും, കെ -ടെറ്റ് പാസായില്ലെന്ന കാരണത്താൽ ഇൻക്രിമെന്റ്, പ്രൊബേഷൻ ഡിക്ലയർ ചെയ്യൽ തുടങ്ങിയ ആനുകൂല്യങ്ങൾ തടയാനുള്ള തീരുമാനം പിൻവലിക്കണമെന്നും കേരള അറബിക് മുൻഷിസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ, സംസ്ഥാന പ്രസിഡന്റ് എ.എ. ജാഫർ എന്നിവർ ആവശ്യപ്പെട്ടു. 2012-13 അദ്ധ്യയന വർഷം മുതൽ സർവീസിൽ കയറിയ സ്കൂൾ അദ്ധ്യാപകർ 2019 മാർച്ചിന് മുമ്പ് കെ. ടെറ്റ് നേടണമെന്നാണ് സർക്കാർ ഉത്തരവ്. 2014ലാണ് കെ-ടെറ്റ് പരീക്ഷ ആരംഭിച്ചത്. 2016ലാണ് പി.എസ്.സി അംഗീകരിക്കുന്നത്. ആയതിനാൽ 2016 വരെ സർവീസിലുള്ളവരെയെല്ലാം ഒഴിവാക്കുകയും 2018-19 വരെ സർവീസിൽ കയറിയവർക്ക് കെ- ടെറ്റ് പരീക്ഷാ പാസാകാൻ ഇനി അഞ്ച് വർഷം കൂടി സാവകാശം നൽകി ഉത്തരവിടണമെന്നും കെ.എ.എം.എ ആവശ്യപ്പെട്ടു.