fishing

വർക്കല: കാലാവസ്ഥാ വ്യതിയാനവും കടലിലെ അടിയൊഴുക്കും കാലം തെറ്റി വരുന്ന ന്യൂനമർദ്ദവും കാരണം മത്സ്യലഭ്യത കുറയുന്നതിനാൽ

തീരദേശ മേഖല വറുതിയിലേക്ക് നീങ്ങുന്നു. നല്ല കോള് പ്രതീക്ഷിച്ച് കടലിലേക്ക് പോകുന്ന വളളങ്ങൾ പലതും കാലിയായി മടങ്ങുന്നത് മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പട്ടിണിയിലാക്കുകയാണ്. വർക്കല തീരദേശമേഖലയിൽ നൂറ് കണക്കിന് യന്ത്റവത്കൃത ബോട്ടുകളും മുപ്പത്തിയഞ്ചോളം കൊല്ലി വളളങ്ങളും മുന്നൂറോളം ചാളത്തടികളും നിത്യേന മത്സ്യബന്ധനത്തിനായി കടലിൽ പോകുമായിരുന്നെങ്കിലും ഇപ്പോൾ ഇരുപത്തിയഞ്ചിൽ താഴെ വളളങ്ങൾ മാത്രമാണ് പോകുന്നത്. ഇവയിലേറെയും പരമ്പരാഗത തൊഴിലാളികളാണ് പണിയെടുക്കുന്നത്. ചില സമയങ്ങളിൽ പരവ, കൊഞ്ച്, മത്തി, വാള, അയല, നെത്തോലി, കോര ഇനത്തിൽപെട്ട മത്സ്യങ്ങൾ സുലഭമായി ലഭിക്കുമായിരുന്നു. ഇപ്പോൾ അതും ഇല്ല. എൻജിൻ വളളങ്ങളിൽ പോയി മീൻ പിടിക്കുന്നതിന് ചെലവാകുന്ന തുക പോലും ലഭിക്കാതെ വന്നതോടെ ഉടമകൾ ഇപ്പോൾ വളളമിറക്കാത്ത സ്ഥിതിയിലാണ്. ലക്ഷങ്ങൾ ചെലവഴിച്ച് വാങ്ങിയ വളളങ്ങൾ പലതും ഇപ്പോൾ വർക്കല തീരമേഖലയിൽ കരയ്ക്കിരിക്കുകയാണ്. ഒരു കൊല്ലി വളളത്തിൽ മുപ്പതും നാല്പതും തൊഴിലാളികളാണ് കടലിൽ പോകുന്നത്. ഇവരുടെ കുടുംബങ്ങൾ ആശങ്കയിലാണ്. മീൻ ദൗർലഭ്യം തിരിച്ചടിയായതോടെ ഇവർ മറ്റു തൊഴിലുകളിലേക്ക് പോകാൻ തയ്യാറെടുക്കുകയാണ്. ചിലക്കൂർ, വെട്ടൂർ, അരിവാളം, ഇടവ, ഓടയം, മാന്തറ ഭാഗങ്ങളിൽ ചെറിയ വളളങ്ങൾ ധാരാളമുണ്ട്. പത്ത് കുടുംബങ്ങളാണ് ഒരു വളളത്തെ ആശ്രയിച്ച് കഴിയുന്നത്. വളളങ്ങൾ പോകാതായത് ഇവരുടെ തൊഴിലിനെയും ജീവിതത്തെയും പ്രതികൂലമായി ബാധിക്കുകയാണ്.