കിളിമാനൂർ: പഠിക്കാൻ മിടുമിടുക്കിയായിട്ടും സ്വന്തമായി പാർക്കാനിടമില്ലാത്ത ദീപയ്ക്ക് 'സ്നേഹവീടൊരുക്കി' ബി.സത്യൻ എം.എൽ.എയും വെള്ളല്ലൂരിലെ സുമനസുകളും.ഗവ. ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനിയായിരുന്ന 2017-18 പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വെള്ളല്ലൂർ കോട്ടിച്ചിറ നെല്ലിക്കുന്നിൽ വീട്ടിൽ ദീപയുടെ ദുരവസ്ഥ പത്രമാദ്ധ്യമങ്ങളിൽ കൂടിയാണ് എം.എൽ.എ അറിഞ്ഞത്. അദ്ദേഹം മുൻകൈ എടുത്ത് സ്കൂൾ പി.ടി.എയുടെ നേതൃത്വത്തിൽ സഹപാഠികളും വെള്ളല്ലൂരിലെ പൊതുപ്രവർത്തകരും യുവജന ക്ലബ്ബുകളും ചേർന്നതോടെ ദീപയുടെ 'സ്വന്തം വീട്" എന്ന സ്വപ്നം യാഥാർത്ഥ്യമായി. വീടിന്റെ താക്കോൽദാനം അഡ്വ. ബി. സത്യൻ എം.എൽ.എ നിർവഹിച്ചു.നഗരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രഘു. വാർഡ് മെമ്പർ കൂടാരം സുരേഷ്, മെമ്പർമാരായ കെ. അനിൽകുമാർ, ആർ. അനൂപ് രാജ്, മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എസ്.കെ. സുനി, മുൻ ഗ്രാമ പഞ്ചായത്ത് അംഗം ബി. രത്നാകരൻ പിള്ള, കുടുംബശ്രീ പ്രവർത്തകർ, യുവജനക്ലബ്ബ് പ്രവർത്തകർ എന്നിവർ പങ്കെടുത്തു.ഉന്നത വിജയം നേടിയ സഹപാഠിക്ക് വീട് നിർമിക്കാൻ ദീപ പഠിച്ച കിളിമാനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ 3.60 ലക്ഷം രൂപ സ്വരൂപിച്ച് നൽകി.മുൻ ഗ്രാമ പഞ്ചായത്തംഗം രത്നാകരൻപിളളയുടെയും ജനപ്രതിനിധികളുടെയും യുവജന ക്ലബ്ബുകളുടെയും പൊതു പ്രവർത്തകരുടെയും സംഭാവനയായി ലഭിച്ച തുകയും ചേർത്ത് 5 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ദീപയുടെ സ്വപ്നഭവനം നിർമ്മിച്ചത്. ഇപ്പോൾ വർക്കല ശിവഗിരി കോളേജിലെ ബിരുദ വിദ്യാർത്ഥിയാണ് ദീപ. കിളിമാനൂരിലെ ജയദേവൻ മാസ്റ്റർ പാലിയേറ്റീവ് സൊസൈറ്റിയാണ് ദീപയുടെ പഠന ചെലവ് വഹിക്കുന്നത്. രണ്ട് വർഷത്തോളമായി വാടക വീട്ടിൽ കഴിയുന്ന ദീപയും അമ്മ വിലാസിനിയും ഉടൻ പുതിയ വീട്ടിലേക്ക് താമസം മാറും.