വിഴിഞ്ഞം: പഞ്ചായത്ത് ഓഫീസ് വളപ്പിൽ നിന്നും ജീപ്പിന്റെ നാലു വീലുകൾ മോഷണം പോയി. പകരം രണ്ട് പഴയ രണ്ട് വീലുകൾ സ്ഥാപിച്ച നിലയിൽ. മറ്റ് രണ്ടു വീലുകൾക്ക് പകരം ഹോളോ ബ്രിക്സുകൾ താങ്ങായി നൽകി. കോട്ടുകാൽ ഗ്രാമ പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനത്തിന്റെ വീലുകളാണ് സെറ്റോടെ ഇളക്കി കൊണ്ടുപോയത്. ശനിയാഴ്ച വൈകിട്ട് ഓഫീസിന് സമീപം ഒതുക്കിയിട്ടതാണെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. ഇന്നലെ രാവിലെ ഡ്രൈവർ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. വാഹനത്തിന്റെ അധികം പഴക്കമില്ലാത്ത ടയർ ഉൾപ്പെടെയുള്ള വീലുകളാണ് മോഷ്ടിച്ചത്. മുന്നിലെ വലതുവശത്തും പിറകിൽ ഇടതു വശത്തും പകരം പഴയ വീലുകൾ ഘടിപ്പിച്ചിട്ടുണ്ട്. ഇതിൽ മുന്നിലത്തേത് പഞ്ചറായ ടയറാണ്. മറ്റ് വീലുകളുടെ സ്ഥാനത്ത് ഹോളോബ്രിക്സ് എടുത്തു വച്ചു.
ഇളക്കി മാറ്റിയ വീലിന്റെ നട്ടും ബോൾട്ടും സമീപത്ത് വച്ചിട്ടുണ്ട്. സമീപത്തെ വീട്ടിൽ നിന്നുമാണ് ഹോളോബ്രിക്സ് എടുത്തതെന്ന് പൊലീസ് പറഞ്ഞു. വിഴിഞ്ഞം പൊലീസും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുത്തു. പഞ്ചായത്തിൽ സി.സി ടി.വിയില്ല. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വിഴിഞ്ഞം പൊലീസ് പറഞ്ഞു