cm

തിരുവനന്തപുരം : റിയൽ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട പരാതികൾ തീർപ്പാക്കാൻ കേന്ദ്ര നിയമപ്രകാരം രൂപീകരിക്കേണ്ട റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിട്ടി (റെറ) ഉടൻ നിലവിൽ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അതോറിട്ടി ചെയർമാന്റെ നിയമനത്തിനായുള്ള അഭിമുഖ പരീക്ഷയുൾപ്പെടെ പൂർത്തിയായി.

മരടിൽ തീരപരിപാലന ചട്ടം ലംഘിച്ച് നിർമ്മിച്ച ഫ്ളാറ്റുകൾ പൊളിക്കുന്നത് സംബന്ധിച്ച പ്രശ്‌നം രൂക്ഷമാകുമ്പോഴും റിയൽ എസ്റ്റേറ്റ് നിയന്ത്രണ അതോറിട്ടി വൈകുന്നതായി ഇന്നലെ കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. 2016ലെ കേന്ദ്രനിയമത്തിന് പിന്നാലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും അതോറിട്ടി നിലവിൽ വന്നു. എന്നാൽ മൂന്ന് വർഷമായിട്ടും കേരളം ഇക്കാര്യത്തിൽ എങ്ങുമെത്തിയില്ല.

അഡിഷണൽ ചീഫ് സെക്രട്ടറിയായി വിരമിച്ച പി.എച്ച്. കുര്യനെ ചെയർമാനാക്കി അതോറിട്ടി രൂപീകരിക്കാൻ ഇക്കഴിഞ്ഞ ജൂണിൽ സർക്കാർ തീരുമാനിച്ചെങ്കിലും, ചെയർമാനെ നിശ്ചയിച്ചതിൽ ക്രമക്കേടുണ്ടെന്ന ആരോപണത്തെ തുടർന്ന് നടപടികൾ സ്തംഭിച്ചു. മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയതോടെ അതോറിട്ടി രൂപീകരണത്തിന് വീണ്ടും ജീവൻ വയ്ക്കുകയാണ്.

റിയൽ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട പരാതികൾ സർക്കാരിനു തലവേദനയാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതോറിട്ടി വരുന്നതോടെ പ്രശ്‌നങ്ങൾ പ്രാരംഭഘട്ടത്തിൽ തന്നെ പരിഹരിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

അതോറിട്ടി വന്നാൽ

1. കെട്ടിട നിർമ്മാതാക്കൾക്കും പ്രൊമോട്ടർമാർക്കും രജിസ്ട്രേഷൻ നിർബന്ധം

2. സുതാര്യമായ പ്രവർത്തന പശ്ചാത്തലമുള്ളവർക്കേ രജിസ്ട്രേഷൻ ലഭിക്കൂ

3. നിർമ്മാതാക്കളും ഫ്ലാറ്റുടമകളും കരാർ വ്യവസ്ഥകൾ കർശനമായി പാലിക്കണം