തിരുവനന്തപുരം : റോഡപകടങ്ങളിൽപ്പെടുന്നവർക്ക് ആദ്യമണിക്കൂറുകളിൽ അടിയന്തര ചികിത്സ ലഭ്യമാക്കുന്ന സംസ്ഥാന സർക്കാരിന്റെ സമഗ്ര ട്രോമകെയർ സംവിധാനത്തിന് ഇന്ന് തുടക്കമാകും. പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ ആംബുലൻസ് ശൃംഖലയുടെ ('കനിവ് 108') സംസ്ഥാനതല ഉദ്ഘാടനം വൈകിട്ട് മൂന്നിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അത്യാധുനിക ജീവൻരക്ഷാ ഉപകരണങ്ങളും പരിശീലനം ലഭിച്ച പൈലറ്റും എമർജൻസി മെഡിക്കൽ ടെക്നിഷ്യനും സാങ്കേതികത്തികവുള്ള ജീവനക്കാരുമടങ്ങിയ 315 ആംബുലൻസുകളാണുള്ളത്. ആദ്യം 100 ആംബുലൻസുകളുടെ പ്രാഥമിക ശൃംഖല ഒരുക്കി. ഒക്ടോബറോടെ 315 ആംബുലൻസുകളുടെയും ശൃംഖല പൂർത്തിയാകും.
24 മണിക്കൂറും സേവനം ലഭിക്കുന്ന വിധത്തിലും, റോഡപകടങ്ങൾ കൂടുതലുണ്ടാകുന്ന 12 മണിക്കൂ
റുകളിൽ (രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ) സേവനം ലഭിക്കുന്ന വിധത്തിലുമാണ് ആംബുലൻസുകളെ ക്രമീകരിച്ചിരിക്കുന്നത്. റോഡപകടങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയുന്ന സമയത്തും, ദേശീയ, സംസ്ഥാന ഹൈവേകളിലും അപകടസാദ്ധ്യത കൂടിയ ഉൾനാടൻ റോഡുകളിലും 315 ആംബുലൻസുകളുടെ സേവനം ലഭ്യമാകും. ദേശീയപാതകളിൽ ഓരോ 30 കിലോമീറ്റർ ഇടവിട്ട് ആംബുലൻസുകളെ വിന്യസിക്കും. സ്വകാര്യ ആശുപത്രികളുടെ സേവനവും പ്രയോജനപ്പെടുത്തും.
ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ കേശവേന്ദ്രകുമാർ, കെ.എം.എസ്.സി.എൽ മാനേജിംഗ് ഡയറക്ടർ ഷർമ്മിള മേരി ജോസഫ്, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എ. റംലാബീവി, കെ.എം.എസ്.സി.എൽ ജനറൽ മാനേജർ ഡോ. ദിലീപ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ജില്ലകൾക്ക് ലഭിക്കുന്ന ബേസിക്
ആംബുലൻസുകൾ
തിരുവനന്തപുരം - 28
കൊല്ലം - 21
പത്തനംതിട്ട - 15
ആലപ്പുഴ - 18
കോട്ടയം - 17
ഇടുക്കി - 15
എറണാകുളം - 32
തൃശൂർ - 32
പാലക്കാട് - 28
മലപ്പുറം - 32
കോഴിക്കോട് - 31
വയനാട് - 11
കണ്ണൂർ - 21
കാസർകോട് - 14