hariharapuram

വർക്കല: ജില്ലയിലെ ടൂറിസം വികസനത്തിന് വൻസാദ്ധ്യതകളുള്ള ഹരിഹരപുരം കായലിന് അവഗണനമാത്രം. കുന്നുകളും തെങ്ങിൻതോപ്പുകളും തോടുകളും നീരുറവകളും വിശാലമായ കായലും ഉൾപ്പെടുന്ന കാഴ്ചയുടെ സമൃദ്ധിയാണ് ഹരിഹരപുരത്തെ ശ്രദ്ധേയമാക്കുന്നത്. എന്നാൽ അധികൃതരുടെ അവഗണന കാരണം ജില്ലയുടെ ടൂറിസം ഭൂപടത്തിൽ ഇടം നേടാൻ കായലിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇടവ - നടയറ കായലിന്റെ ഭാഗമായ ഹരിഹരപുരം കായൽ പ്രകൃതിരമണീയമാണ്. പരിസ്ഥിതി സൗഹൃദ ടൂറിസത്തിന് അനുയോജ്യമായ തീരമാണ് ഇലകമൺ ഗ്രാമപഞ്ചായത്തിലെ കായൽപുറം മുതൽ നെല്ലേറ്റിൽ വരെയുള്ള ഭാഗം. ടൂറിസം വികസനത്തിന് അനന്തസാദ്ധ്യതകൾ ഉണ്ടായിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ പോലും ബന്ധപ്പെട്ട വകുപ്പിനോ പ്രാദേശിക ഭരണകൂടങ്ങൾക്കോ കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. ഹരിഹരപുരത്തിന്റെ പ്രത്യേകതകൾ അറിഞ്ഞ് വിദേശികളും സ്വദേശികളുമായ നിരവധിപ്പേർ ഇവിടെയെത്തുന്നുണ്ട്. ഒരു വർഷം മുമ്പ് ടൂർഫെഡിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥസംഘം ഇവിടം സന്ദർശിച്ച് മാസ്റ്റർപ്ലാൻ തയ്യാറാക്കുകയും ടൂറിസം പദ്ധതികൾക്ക് വേണ്ട ചർച്ചകൾ നടത്തുകയും ചെയ്‌തു. എന്നാൽ തുടർ നടപടികൾ ഉണ്ടായില്ല. കായലോര ടൂറിസം യാഥാർത്ഥ്യമാക്കിയാൽ ഈ പ്രദേശത്തിന്റെ മുഖഛായ തന്നെ മാറുമെന്നാണ് ടൂറിസം മേഖലയിലുള്ളവരുടെ അഭിപ്രായം.

മേഖലയിലെ പ്രധാന പ്രശ്‌നങ്ങൾ

---------------------------------------------------

1. ഗതാഗത സൗകര്യങ്ങളുടെ അഭാവം
2. പദ്ധതികൾ പ്രഖ്യാപനത്തിൽ മാത്രം
3.അധികൃതരുടെ അനാസ്ഥ
4. നീരുറവകൾ സംരക്ഷിക്കപ്പെടുന്നില്ല
5. ബൃഹത് ടൂറിസം പദ്ധതികൾ വേണം

ടൂറിസം സാദ്ധ്യത
-----------------------------------------------------------------
ബോട്ടിംഗ്, സാഹസിക ടൂറിസം എന്നിവയ്ക്കെല്ലാം അനുയോജ്യമാണ് ഹരിഹരപുരം കായൽ. കായൽപ്പുറം,

പള്ളിത്തൊടി, കല്ലാഴിത്തൊടി, തൂമ്പിത്തൊടി എന്നിവിടങ്ങൾ പദ്ധതികൾ യോജിച്ച സ്ഥലങ്ങളാണ്

ഹരിഹരപുരം കായലോരത്തെ ടൂറിസം പദ്ധതികൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് ടൂർഫെഡിന്റെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. ചില സാങ്കേതിക കാരണങ്ങളാൽ പദ്ധതിയുടെ മുന്നോട്ടുള്ള പോക്കിന് കാലതാമസം വന്നിട്ടുണ്ട്. എത്രയും വേഗം നടപ്പിലാക്കുന്നതിന് അടിയന്തരനടപടി സ്വീകരിക്കും.

അഡ്വ. വി. ജോയി എം.എൽ.എ