നെടുമങ്ങാട്: മാറ്റങ്ങൾക്കിടയിലും പുതുവിദ്യകൾ സ്വായത്തമാക്കി പരമ്പരാഗത തൊഴിൽ മേഖലകൾക്ക് മാറ്റ് കൂട്ടുകയാണ് വിശ്വകർമ്മ സമൂഹം. കരവിരുതിന്റെ കരുത്ത് അന്യം നില്ക്കാതിരിക്കാൻ പണിപ്പെടുന്ന ഇവർക്ക് കൈത്താങ്ങ് നൽകാൻ ആരുമില്ലാത്ത അവസ്ഥയാണ്. ആശാരി, മൂശാരി, കൊല്ലൻ, ശില്പി, തട്ടാൻ വിഭാഗങ്ങളിലായി അമ്പതിനായിരത്തോളം കുടുംബങ്ങൾ നെടുമങ്ങാട് താലൂക്കിൽ കുലത്തൊഴിലുകളെ ആശ്രയിച്ച് നിത്യവൃത്തി കഴിക്കുന്നവരുണ്ട്. പുതുതലമുറ കുലത്തൊഴിലിൽ നിന്ന് വഴിമാറി പോകുന്നത് വേദനയോടെ കണ്ടുനില്ക്കാനേ ഇവർക്കാവുന്നുള്ളു. വരവ് സ്വർണത്തിന്റെയും റെഡിമെയ്ഡ് തടിയുരുപ്പടികളുടെയും യന്ത്രനിർമ്മിത പണിയായുധങ്ങളുടെയും അമിത ഉപഭോഗം പരമ്പരാഗത മേഖലയെ തകർത്തു. പലവഴി പിരിഞ്ഞ പരമ്പരാഗത തൊഴിലാളി കുടുംബങ്ങളെ കണ്ടെത്തി ഒരു കുടക്കീഴിൽ അണിനിരത്താനുള്ള ഉദ്യമത്തിനു തുടക്കം കുറിച്ചിരിക്കുകയാണ് കേരള വിശ്വകർമ്മ മഹാസഭ. വിവിധതരം തൊഴിലുകളിലെ വൈദഗ്ദ്ധ്യം തിരിച്ചറിഞ്ഞ് സാങ്കേതിക പരിശീലനവും തൊഴിൽ സുരക്ഷയും ഉറപ്പാക്കുകയാണ് ലക്ഷ്യം. വിശ്വകർമ്മസഭ നെടുമങ്ങാട് യൂണിയനു കീഴിൽ 144 മൈക്രോഫിനാൻസ് യൂണിറ്റുകളും 85 വിശ്വശ്രീ വനിതാ സ്വയംസഹായ സംഘങ്ങളും നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ബാലസംഘങ്ങൾ, മഹിളാസംഘങ്ങൾ, ആർട്ടിസാൻസ് ശാഖകൾ എന്നിവയുടെ പ്രവർത്തനവും എടുത്തു പറയണം.

അഖില കേരള വിശ്വകർമ്മ മഹാസഭ താലൂക്ക് യൂണിയൻ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 3ന് നെടുമങ്ങാട് ഗ്രീൻലാൻഡ് ഓഡിറ്റോറിയത്തിൽ വിശ്വകർമ്മദേവ പൂജയും വിശ്വകർമ്മ ദിനാഘോഷവും നടക്കും. യൂണിയൻ പ്രസിഡന്റ് തത്തൻകോട് ആർ. കണ്ണന്റെ അദ്ധ്യക്ഷതയിൽ സാംസ്കാരിക സമ്മേളനം അഡ്വ. അടൂർ പ്രകാശ് എം.പി ഉദ്‌ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി പി. ഉദയകുമാർ സ്വാഗതം പറയും. സംസ്ഥാന ജനറൽ സെക്രട്ടറി പി. വാമദേവൻ ആമുഖപ്രഭാഷണം നടത്തും. സി. ദിവാകരൻ എം.എൽ.എ പ്രതിഭകളെ ആദരിക്കും. നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, മുൻ ഡെപ്യുട്ടി സ്പീക്കർ പാലോട് രവി, ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ. സുരേഷ്, കൗൺസിലർ ടി. അർജുനൻ, ബോർഡ് മെമ്പർ എം.എൽ. മോഹൻകുമാർ തുടങ്ങിയവർ പങ്കെടുക്കും.