lunar

തിരുവനന്തപുരം: ചന്ദ്രനിൽ ഇടിച്ചിറങ്ങിയ വിക്രം ലാൻഡറിനെ തേടി നാസയുടെ റെക്കണൈസൻസ് ഉപഗ്രഹം. റെക്കണൈസൻസിലെ ത്രി ഡി കാമറ ഉപയോഗിച്ചുള്ള തിരച്ചിൽ ഇന്നു നടക്കും. ചിത്രങ്ങളും റേഡിയോ സിഗ്നലുകൾ അയച്ച് നടത്തുന്ന പരിശോധനയുടെ റിപ്പോർട്ടും നാസ ഐ.എസ്.ആർ.ഒയ്ക്ക് കൈമാറുമെന്ന് നാസയെ ഉദ്ധരിച്ച് ഒരു അമേരിക്കൻ വാർത്താമാധ്യമം റിപ്പോർട്ട് ചെയ്തു.

അതേസമയം, വിക്രം ലാൻഡറിനായി തിരച്ചിൽ നടത്താനും ലാൻഡറിന് എന്താണു സംഭവിച്ചതെന്ന് പരിശോധിക്കാനും ഐ.എസ്.ആർ.ഒ. ഇതുവരെ ഒരു വിദേശ ഏജൻസിയുടേയും സഹായം തേടിയിട്ടില്ല.

2009 ജൂൺ 23 മുതൽ ചന്ദ്രനെ ചുറ്റുന്ന ഉപഗ്രഹമാണ് നാസയുടെ റെക്കണൈസൻസ് ഒാർബിറ്റർ. ചന്ദ്രോപരിതലത്തിന്റെ പ്രത്യേകതകൾ പഠിക്കാനും ചന്ദ്രനിലെ ജലസാന്നിധ്യം കണ്ടെത്താനും ലക്ഷ്യമിട്ട് 2005 ൽ നാസ വിക്ഷേപിച്ച ഉപഗ്രഹം ആറുവർഷം കൂടി ചന്ദ്രനെ വലംവയ്‌ക്കും.

സെപ്തംബർ ഏഴിനു പുലർച്ചെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്ട് ലാൻഡിംഗിനു ശ്രമിക്കുന്നതിനിടെയാണ് വിക്രം ലാൻഡർ നിയന്ത്രണം വിട്ട് ചന്ദ്രോപരിതലത്തിൽ പതിച്ചത്. പിന്നീട് ഇതിൽ നിന്നുള്ള സിഗ്നലുകൾ ലഭിക്കാൻ ഐ.എസ്.ആർ.ഒ നിരവധി തവണ ചന്ദ്രയാൻ 2 ഒാർബിറ്ററിൽ നിന്ന് കമാൻഡുകൾ അയച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല.