cm

തിരുവനന്തപുരം: കേരളടമക്കമുള്ള എല്ലാ സംസ്ഥാനങ്ങളുടെയും ടൂറിസം വികസനമാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും , ഏക രാഷ്ട്രം ഏക നികുതി സമ്പ്രദായത്തെ കുറിച്ച് ആലോചിക്കേണ്ട സമയമായെന്നും കേന്ദ്ര ടൂറിസം സഹമന്ത്രി പ്രഹ്ളാദ് പട്ടേൽ പറഞ്ഞു.

കോവളത്ത് വിവിധ സംസ്ഥാനങ്ങളിലെ ടൂറിസം മന്ത്രിമാരുടെ യോഗത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനങ്ങളെ കേന്ദ്രം വേറിട്ട് കാണുന്നില്ല. മത്സരങ്ങൾ സംസ്ഥാനങ്ങൾ തമ്മിലല്ല രാജ്യങ്ങളുമായിട്ടാവണം.. രാജ്യത്തിന്റെ എല്ലാഭാഗങ്ങളിലും ടൂറിസം വികസിപ്പിക്കുന്നതിന് ടൂർ ഓപ്പറേറ്റർമാരും ഹോട്ടലുകളും ആശയ വിനിമയം നടത്തണം. ഇ വിസ വിപ്ലവകരമായ നടപടിയാണെന്നും ഇത് നടപ്പിലാക്കുന്നതിന് കേന്ദ്രം നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷനായി. ബീഹാർ ടൂറിസം മന്ത്രി കൃഷ്ണകുമാർ ഋഷി, കർണാടക മന്ത്രി സി.ടി.രവി, നാഗാലാൻഡ് ടൂറിസം ഉപദേഷ്ടാവ് എച്ച് കിഹോവി യെപുതോമി, ഒഡിഷ ടൂറിസം മന്ത്രി ജ്യോതി പ്രകാശ് പാണിഗ്രഹി,​ നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, കെ.ടി.ഡി.സി ചെയർമാൻ എം.വിജയകുമാർ, ടൂറിസം സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ പി.ബാലകിരൺ, ടൂറിസം സ്ഥാപനമേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

ഹോട്ടൽ മുറികളുടെ ജി.എസ്.ടി

കുറയ്ക്കണം: മുഖ്യമന്ത്രി
വിനോദസഞ്ചാര മേഖലയുടെ വളർച്ചയ്ക്കായി വിമാനയാത്രാ നിരക്കുകളും ഹോട്ടൽ മുറികളുടെ ചരക്കുസേവന നികുതിയും കുറയ്ക്കണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.

ടൂറിസം വാഹന നികുതി യുക്തിസഹമാക്കണം. ഇത്തരം പ്രതിബന്ധങ്ങൾ ഇല്ലാതാക്കിയാൽ ആഗോള തലത്തിൽ പ്രമുഖ ടൂറിസം കേന്ദ്രമായി ഇന്ത്യയ്ക്ക് മാറാനാവും.. ഏറെ വൈവിദ്ധ്യമുള്ള ഇന്ത്യയ്ക്ക് ടൂറിസത്തിൽ അനന്തസാദ്ധ്യതകളുണ്ട്. രാജ്യത്തെ ടൂറിസം വളർച്ചയിലെ തടസങ്ങൾ അതിജീവിക്കാൻ നിരന്തര ആശയവിനിമയവും ഇടപെടലുകളും വേണം. ഏതുഭാഗത്തെ ടൂറിസം വികസനമായാലും അത് രാജ്യത്തിന് മുഴുവൻ ഗുണകരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.