വർക്കല: യുവതി കുഞ്ഞിനെയും കൊണ്ട് ഭർതൃവീട്ടിലെ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത കേസിൽ ഭർതൃ മാതാവും പിതാവും സഹോദരിയുമുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. വെട്ടൂർ റാത്തിക്കൽ പുളിമുക്ക് വീട്ടിൽ റംലാബീവി (49), ഭർത്താവ് കിദ്വായി (69), മകൾ മുഹ്സിന (30) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂൺ 11നാണ് താഴെ വെട്ടൂർ ചരുവിള വീട്ടിൽ ആമിന (26) ഒന്നേമുക്കാൽ വയസുള്ള മകൾ നൂറയെയും കൊണ്ട് ഭർതൃവീട്ടുകാർ വാടകയ്ക്ക് താമസിച്ചിരുന്ന വെട്ടൂർ റാത്തിക്കൽ പുളിമുക്ക് വീട്ടിലെ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തത്.കേസിലെ ഒന്നാം പ്രതിയും ആമിനയുടെ ഭർത്താവുമായ മുഹമ്മദ് അലി വിദേശത്താണ്. ഭാര്യയുടെയും മകളുടെയും മരണ വിവരമറിഞ്ഞിട്ടും മുഹമ്മദ് അലി നാട്ടിലെത്തിയില്ല.സ്ത്രീധനം ആവശ്യപ്പെട്ട് അലിയുടെ മാതാപിതാക്കളും സഹോദരിയും ആമിനയെ ശാരീരികമായും മാനസികമായും ക്രൂരമായി പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
കേസിലെ മൂന്നാം പ്രതി കിദ്വായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ്. ആത്മഹത്യാ പ്രേരണ, ഗാർഹിക സ്ത്രീധനപീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആറ്റിങ്ങൽ ഡിവൈ.എസ്.പി കെ. വിദ്യാധരന്റെ നിർദ്ദേശപ്രകാരം വർക്കല സി.ഐ ജി. ഗോപകുമാർ, എസ്.ഐ ബി.കെ. അരുൺ, എ.എസ്.ഐ അനിൽകുമാർ, വനിതാ പൊലീസ് ഓഫീസർ അനുപമ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.