കാട്ടാക്കട: മലയോരത്തെ പ്രധാന ഡിപ്പോയായ കാട്ടാക്കടയിൽ യാത്രയ്ക്കായി ദിനം പ്രതി എത്തുന്നത് വിദ്യാർത്ഥികൾ ഉൾപ്പെടെ പതിനായിരങ്ങളാണ്. പുതിയ വാണിജ്യ സമുച്ചയം വന്നതോടെയാണ് ഡിപ്പോയിൽ ബസുകൾക്കായി പുതിയ ബസ് ബേകൾ വാണിജ്യ സമുച്ചയത്തിന് അഭിമുഖമായി സ്ഥാപിച്ചത്. എന്നാൽ യാത്രാക്കാർക്ക് ബസ് കാത്തുനിൽക്കാനുള്ള സ്ഥലങ്ങൾ വാണിജ്യ സമുച്ചയം വാടകയ്ക്കെടുത്തവർ കൈയ്യേറിയതോടെ യാത്രക്കാർ പെരുവഴിയിലായി. ഇതോടെ ആളുകൾ ബസ് ബേയിലേയ്ക്ക് ഇറങ്ങി നിൽക്കാൻ തുടങ്ങിയതോടെ അപകടങ്ങളും ഏറി. ഏറ്റവും ഒടുവിലായി ഇന്നലെ ബസ് യാത്രയ്ക്കായി എത്തിയ യാത്രക്കാരി ബസ് കയറിയിറങ്ങി ദാരുണമായി മരിക്കുകയും ചെയ്തു.
പുതിയ വാണിജ്യ സമുച്ചയത്തിൽ വാടകയ്ക്ക് നൽകിയിട്ടുള്ളത് മുറികൾമാത്രമാണ്. എന്നാൽ വാടകയ്ക്കെടുത്തവർ സമുച്ചയത്തിൽ യാത്രാക്കാർക്ക് സഞ്ചരിക്കാനും വിശ്രമിക്കാനുമായി നീക്കിവച്ച സ്ഥലം കൂടി കയ്യേറി. ഇതോടെ യാത്രാക്കാർക്ക് വിശ്രമംപോയിട്ട് നടന്നു പോകാൻ പോലും പോകാൻ പറ്റാത്ത തരത്തിലാണ് കച്ചവടക്കാർ സാധനങ്ങൾ ഇറക്കി വച്ചിരിക്കുന്നത്. യാത്രക്കാർ പരാതി നൽകിയിട്ടും ഇതേവരെയും നടപടിയുണ്ടായില്ല.
പുതിയ വാണിജ്യ സമുച്ചയത്തിന് മുന്നിൽ നിന്നും പുറകോട്ടെടുത്താണ് ബസുകൾ പുറപ്പെടുക. ഇത്തരത്തിൽ പുറകിലോട്ടെടുക്കുമ്പോഴാണ് പലപ്പോഴും അപകടങ്ങൾ നടക്കുന്നത്. വ്യാപാരികളും വാഹനം പാർക്കുചെയ്യുന്നതിന് ഡിപ്പോയിലെ ജീവനക്കാരും നടത്തുന്ന ഡിപ്പോയ്ക്കുള്ളിലെ കയ്യേറ്റം കാരണം ആളുകൾ ബസുകൾക്ക് പുറകിലൂടെ വാണിജ്യ സമുച്ചയത്തിന് മുന്നിലെത്തുമ്പോഴാണ് പലപ്പോഴും പുറകിലോട്ടെടുക്കുന്ന ബസുകൾ തട്ടി യാത്രാക്കാർക്ക് അപകടമുണ്ടാക്കുന്നത്.