തിരുവനന്തപുരം : സിസ്റ്രർ അഭയക്കേസിന്റെ വിചാരണയിൽ കൂറുമാറുന്നതിനെ തുടർന്ന് മൂന്ന് സാക്ഷികളെ വിസ്‌തരിക്കുന്നത് സി.ബി.എെ ഒഴിവാക്കി. ഇന്നലെ വിസ്‌തരിച്ച സിസ്റ്രർ ആനി ജോൺ, സിസ്റ്രർ സുദീപ എന്നിവർ കൂറുമാറിയിരുന്നു. തുടർന്നാണ് സിസ്റ്റർ നവീന, സിസ്റ്റർ കൊച്ചുറാണി, ക്ളാര എന്നിവരെ വിസ്തരിക്കുന്നില്ലെന്ന് പ്രത്യേക സി.ബി.എെ കോടതിയെ അറിയിച്ചത്. വിസ്‌താര വേളയിൽ പ്രോസിക്യൂട്ടറുടെ ചോദ്യത്തിന് മറുപടി പറയില്ലെന്ന് ധിക്കാരത്തോടെ പറഞ്ഞ സിസ്റ്റർ ആനി ജോണിനെ കോടതി രൂക്ഷമായി വിമർശിച്ചു.
അഭയ കൊല്ലപ്പെട്ടപ്പോൾ കോൺവെന്റിലെ മദർ സുപ്പീരിയർ ആയിരുന്ന ലിസ്യൂ മരിച്ചു പോയ സാഹചര്യത്തിലാണ് സഭയുടെ ട്രഷറർ എന്ന നിലയിൽ ആനി ജോണിനോട് സി.ബി.എെ പ്രോസിക്യൂട്ടർ ചോദ്യങ്ങൾ ചോദിച്ചത്.
സി.ബി.എെ പ്രോസിക്യൂട്ടറുടെ ചോദ്യങ്ങളിൽ പ്രകോപിതയായാണ് ഉത്തരം പറയാൻ കഴിയില്ലെന്ന് ആനി പറഞ്ഞത്. സംഭവ ദിവസം കോൺവെന്റിലെത്തിയെങ്കിലും അടുക്കളയിൽ അസ്വാഭാവികമായി ഒന്നും കണ്ടില്ലെന്ന് പറഞ്ഞാണ് ഇവർ കൂറുമാറിയത്.
അഭയയുടെ അച്ഛൻ തോമാച്ചനെ അറിയില്ലെന്ന് ആദ്യം കോടതിയിൽ പറഞ്ഞ ആനി സംഭവ ദിവസം തോമാച്ചനെ സമാധാനിപ്പിച്ചത് താനാണെന്ന് പിന്നീട് സമ്മതിച്ചു. ഇപ്പോഴും താൻ സഭയുടെ കീഴിലുള്ള മഠത്തിലാണെന്നും കേസിലെ പ്രതി സിസ്റ്റർ സെഫി മഠത്തിലെ അംഗമാണെന്നും ഇവർ കോടതിയെ അറിയിച്ചു. സംഭവദിവസം കോൺവെന്റിലെ കിണറ്റിൽ എന്തോ ഭാരമുള്ള വസ്തു വീഴുന്ന ശബ്ദം കേട്ടെന്ന് സി.ബി.എെക്ക് മൊഴി നൽകിയിരുന്ന സിസ്റ്റർ സുദീപ താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് പറഞ്ഞാണ് മൊഴി മാറ്രിയത്.