police
TRAFFIC POLICE

തിരുവനന്തപുരം: ഗതാഗത നിയമ ലംഘനങ്ങൾക്ക് കേന്ദ്ര മോട്ടർവാഹന നിയമഭേദഗതി പ്രകാരമുള്ള കഴുത്തറുപ്പൻ പിഴ കേരളത്തിൽ തത്കാലം ചുമത്തില്ല. പിഴത്തുക സംസ്ഥാനത്തിന് കുറയ്ക്കാനാവുമോ എന്നതടക്കം നിയമഭേദഗതിയിൽ വ്യക്തത തേടി കേന്ദ്ര സർക്കാരിന് കത്തു നൽകാനും അന്തിമതീരുമാനമാകും വരെ ഉയർന്ന പിഴത്തുക ഒഴിവാക്കാനും മന്ത്രി എ.കെ. ശശീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.

പൊലീസിന് ഈ നിർദ്ദേശം നൽകാൻ, യോഗ തീരുമാനം മുഖ്യമന്ത്രിയെ ധരിപ്പിക്കും. മോട്ടോർ വാഹനവകുപ്പിന്റെ എൻഫോഴ്സ്‌മെന്റ് വിഭാഗം ബോധവത്കരണം ശക്തമാക്കും. പിഴയെക്കുറിച്ച് വ്യക്തതയുണ്ടായ ശേഷം നിയമഭേദഗതി നടപ്പാക്കും.

പിഴത്തുകയിൽ ഇളവ് വരുത്താൻ പഴുതില്ലെന്നും ഇതിന് സംസ്ഥാനത്തിന് അധികാരം നൽകുന്ന വ്യവസ്ഥകൾ നിയമഭേദഗതിയിൽ ഇല്ലെന്നും നിയമവകുപ്പ് വ്യക്തമാക്കി. ഇളവിന് അനുമതി തേടി കേന്ദ്രത്തെ സമീപിച്ചെങ്കിലും അനുകൂല മറുപടിയുണ്ടായില്ല. സംസ്ഥാനങ്ങൾക്ക് പിഴ ഇളവു ചെയ്യാമെന്ന ആദ്യത്തെ അഭിപ്രായം കേന്ദ്രമന്ത്രി ഗഡ്കരി മാറ്റുകയും ചെയ്തു. ഇതോടെയാണ് അവ്യക്തതയുണ്ടായത്. ഇടപെടൽ ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള എം.പിമാർക്ക് കത്തയയ്ക്കാനും തീരുമാനിച്ചു. പിഴയിൽ ഇളവു നൽകിയ ആന്ധ്ര, തമിഴ്‌നാട്, കർണാടക, ഗുജറാത്ത് സംസ്ഥാനങ്ങളുമായി ആശയവിനിമയത്തിന് ഗതാഗത സെക്രട്ടറി കെ.ആർ. ജ്യോതിലാലിനെ ചുമതലപ്പെടുത്തി.

കാലോചിതമായി പിഴത്തുക കൂട്ടുന്നതിന് എതിരല്ലെന്നും യുക്തിരഹിതമായി കൂട്ടിയതാണ് വിമർശനത്തിനിടയാക്കിയതെന്നും യോഗത്തിനു ശേഷം മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. കേന്ദ്ര തീരുമാനത്തിന് ശേഷം സംസ്ഥാനം ഉത്തരവു പുറപ്പെടുവിക്കും. കാമറാ നിരീക്ഷണം കാര്യക്ഷമമാക്കുമെന്നും മന്ത്റി പറഞ്ഞു.

'' കേന്ദ്രം ഉചിത തീരുമാനമെടുക്കണം. പല സംസ്ഥാനങ്ങളിലും ബോധവത്കരണമാണ് നടക്കുന്നത്. അവർ വിജ്ഞാപനമിറക്കിയിട്ടില്ല.''

മന്ത്രി എ.കെ. ശശീന്ദ്രൻ

'കേന്ദ്ര നിയമത്തിനെതിരെ നിയമനിർമാണം സാദ്ധ്യമാകില്ല. കേന്ദ്രമാണ് നിരക്കുകൾ പുതുക്കേണ്ടത്.

ഗതാഗത സെക്രട്ടറി കെ.ആർ. ജ്യോതിലാൽ

ഗുജറാത്ത് മോഡൽ

ഗുജറാത്ത് 17 ഇനം പിഴകൾക്ക് 50 മുതൽ 90 % വരെ ഇളവു നൽകി. ഇത് കേരളത്തിനും സ്വീകരിക്കാനാവും