തിരുവനന്തപുരം: പാട്ടും മേളവും ആട്ടവും അത്ഭുതപ്പെടുത്തുന്ന കായിക പ്രകടനങ്ങളും കോർത്തിണക്കിയ വ്യത്യസ്ത കലാവിരുന്നുമായി , ത്രസിപ്പിക്കുന്ന കാഴ്ചകളുടെ പൂരമൊരുക്കി കൗമുദി ടി.വി ഓണം എക്സ്ട്രീം മൂന്ന് മണിക്കൂറോളം സെൻട്രൽ സ്റ്റേഡിയത്തെ ഇളക്കിമറിച്ചു. കഴിഞ്ഞ ആറ് ദിവസങ്ങളായി തലസ്ഥാന നഗരിക്ക് ഉത്സവഛായ പകർന്ന ഓണാഘോഷങ്ങൾക്ക് അതോടെ കൊട്ടിക്കലാശമായി .സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന്റെ ഔദ്യോഗിക സമാപനത്തിനും ചടങ്ങ് സാക്ഷിയായി.
കേരളത്തനിമയുടെ ചാരുതയും പ്രൗഡിയും വിളംബരം ചെയ്ത ഓണം ഘോഷയാത്രയുടെ ആവേശം നുകർന്ന് കാണികൾ കടൽത്തിരപോലെ എത്തിയപ്പോൾ സെൻട്രൽ സ്റ്രേഡിയവും പരിസരങ്ങളും മനുഷ്യ സമുദ്രമായി സംഗീതത്തിന്റെ മാസ്മരികതയ്ക്കൊപ്പം താളവാദ്യലയങ്ങളും കലാസ്വാദകർക്ക് ഹരം പകർന്നു.
കള്ളവും ചതിയും പൊളിവചനവുമില്ലാത്ത നല്ലകാലത്തിന്റെ മധുരസ്മരണകളുമായാണ് ഓരോ വർഷവും ഓണം എത്തുന്നതെന്ന് കൗമുദി ടി.വി ഓണം എക്സ്ട്രീം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്ത മന്ത്രി ജി.സുധാകരൻ പറഞ്ഞു.സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സാഹോദര്യത്തിന്റെയും ഓർമ്മകളാണ് ഓണം നൽകുന്നത്. സർക്കാർ ഓണാഘോഷത്തിന്റെ സമാപനത്തിൽ വ്യത്യസ്തമായ കലാസന്ധ്യ ഒരുക്കിയ കൗമുദി ടി.വിയെ മന്ത്രി അഭിനന്ദിച്ചു. മലയാളത്തിന്റെ മനഃസാക്ഷിയാണ് തലമുറകളുടെ പാരമ്പര്യമുള്ള കേരളകൗമുദി.ജനാധിപത്യവും സത്യസന്ധതയും ഒരേപോലെ പുലർത്തി ചരിത്രം സൃഷ്ടിച്ച മാദ്ധ്യമമാണിതെന്നും അദ്ദേഹം പറഞ്ഞു.. മേയർ വി.കെ.പ്രശാന്ത്, സ്നേക്ക് മാസ്റ്റർ വാവസുരേഷ് എന്നിവരെ മന്ത്രി സുധാകരൻ ഉപഹാരം നൽകി ആദരിച്ചു. പരിപാടികളുടെ മുഖ്യ സ്പോൺസറായ ന്യൂ രാജസ്ഥാൻ മാർബിൾസ് മാനേജിംഗ് ഡയറക്ടർ വിഷ്ണുഭക്തൻ, സഹസ്പോൺസർമാരായ ജ്യോതിസ് സെൻട്രൽ സ്കൂൾ ചെയർമാൻ ജ്യോതിസ് ചന്ദ്രൻ,നിംസ് ഹോസ്പിറ്റൽ കോർപ്പറേറ്റ് മാനേജർ രാജേഷ്, റിലേഷൻസ് മീഡിയ മാനേജിംഗ് ഡയറക്ടർ നിഖിൽ എന്നിവർക്കുള്ള ഉപഹാരങ്ങളും മന്ത്രി നൽകി.
മേയർ വി.കെ.പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ , വി.എസ്.ശിവകുമാർ എം.എൽ.എ, ശാസ്തമംഗലം മോഹൻ,കേരളകൗമുദി കോർപ്പറേറ്ര് മാർക്കറ്റിംഗ് മാനേജർ സുധീർകുമാർ, യൂണിറ്റ് ചീഫ് കെ.അജിത്കുമാർ, കേരളകൗമുദി നോൺ ജേർണലിസ്റ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.എസ്.സാബു എന്നിവർ പങ്കെടുത്തു. കേരളകൗമുദി ഇവന്റ്സ് ആൻഡ് ബ്രോഡ്കാസ്റ്രിംഗ് ഹെഡ് എ.സി.റെജി സ്വാഗതം പറഞ്ഞു.