തിരുവനന്തപുരം: പി.എസ്.സിയുടെ എല്ലാ പരീക്ഷകളും മലയാളത്തിലും നടത്തുന്ന കാര്യം കമ്മിഷൻ തത്വത്തിൽ അംഗീകരിച്ചു. ഇന്നലെ മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ് സർക്കാർ മുന്നോട്ടുവച്ച ആവശ്യം നടപ്പാക്കാമെന്ന് പി.എസ്.സി ചെയർമാൻ എം.കെ. സക്കീർ ഉറപ്പു നൽകിയത്. കെ.എ.എസ് ഉൾപ്പെടെ ഇനി വിജ്ഞാപനം ചെയ്യാനിരിക്കുന്ന മുഴുവൻ പരീക്ഷകളുടെയും ചോദ്യക്കടലാസുകൾ മലയാളത്തിലും തയ്യാറാക്കും. ആവശ്യം അംഗീകരിക്കപ്പെട്ടതോടെ മലയാള ഐക്യവേദി പി.എസ്.സി ആസ്ഥാനത്തിനു മുന്നിൽ 19 ദിവസമായി നടത്തിവന്ന നിരാഹാര സമരം പിൻവലിച്ചു.
പരീക്ഷാ നടത്തിപ്പിൽ ഉണ്ടാകാനിടയുള്ള സാങ്കേതികപ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ സർവകലാശാലാ വൈസ് ചാൻസലർമാരുടെ യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രശ്‌നം പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കും.വിവിധ വിഷയങ്ങളിൽ മലയാളത്തിൽ സാങ്കേതിക വിജ്ഞാന ഭാഷാ നിഘണ്ടു തയ്യാറാക്കും.
പ്ലസ്ടു വരെ അടിസ്ഥാനയോഗ്യതയുള്ള പരീക്ഷകൾക്ക് നിലവിൽ മലയാളത്തിലാണ് ചോദ്യപേപ്പർ. ഉദ്യോഗാർത്ഥികളിൽ 90 ശതമാനത്തോളം ഈ വിഭാഗത്തിലാണ്. ശേഷിക്കുന്ന പരീക്ഷകളേ ഇംഗ്ലീഷിൽ നടത്തുന്നൂള്ളൂ. അവ കൂടി മലയാളത്തിലാക്കണമെന്നാണ് പി.എസ്.സിയോട് സർക്കാർ നിർദ്ദേശിച്ചത്. ഭാഷാ ന്യൂനപക്ഷ മേഖലകളിൽ തമിഴിലും കന്നഡത്തിലും കൂടി ചോദ്യങ്ങൾ തയ്യാറാക്കാൻ ഭാവിയിൽ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി.എസ്.എസിയുടെ മുഴുവൻ പരീക്ഷകളുടെയും ചോദ്യങ്ങൾ മലയാളത്തിൽക്കൂടി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മലയാള ഐക്യവേദിയുടെ നേതൃത്വത്തിൽ സമരം ശക്തമാകുകയും, സാഹിത്യ, സാംസ്കാരിക നായകർ ഈ ആവശ്യവുമായി രംഗത്തെത്തുതയും ചെയ്‌തതോടെയാണ് വിഷയം പി.എസ്.സിയുമായി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി തീരുമാനിച്ചത്. സമരത്തിൽ ഇടപെട്ട് പി.എസ്.സിയുമായി ചർച്ച നടത്താമെന്ന് ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് മുഖ്യമന്ത്രി നേരത്തെ ഉറപ്പു നൽകിയിരുന്നു. എം.ടി.വാസുദേവൻ നായർ, സുഗതകുമാരി, വി.മധുസൂദനൻ നായർ, ജോർജ്ജ് ഓണക്കൂർ തുടങ്ങിയവരും മലയാള ഐക്യവേദി നേതൃത്വം നൽകിയ സമരത്തിൽ പങ്കുചേർന്നിരുന്നു.
പ്രതികൂലം
ശാസ്ത്ര, സാങ്കേതിക പദങ്ങളിൽ പലതിനും പകരം കൃത്യം മലയാളപദങ്ങൾ നിലവിലില്ല. പുതിയ വാക്കുകൾക്ക് രൂപം നൽകിയാൽ ശരിയായ പദമായി അംഗീകരിക്കപ്പെടണമെന്നില്ല.
മലയാളത്തിൽ ചോദ്യപേപ്പർ തയ്യാറാക്കണമെങ്കിൽ സർവകലാശാലാ പാഠപുസ്തകങ്ങളും മലയാളത്തിലാക്കണം.
പി.എസ്.സി ഇനി കൂടുതലും നടത്തുക ഓൺലൈൻ പരീക്ഷകൾ. ചോദ്യപേപ്പർ തയ്യാറാക്കുന്നയാൾ തന്നെ പി.എസ്.സിയുടെ സെർവറിൽ ചോദ്യങ്ങൾ അപ്‌ലോഡ് ചെയ്യേണ്ടിവരും. മലയാളം ടൈപ്പിംഗ് അറിയാത്തയാളാണ് ചോദ്യകർത്താവെങ്കിൽ ടൈപ്പിംഗ് മറ്റൊരാളെ ഏൽപ്പിക്കേണ്ടിവരും. ഇത് ചോദ്യങ്ങളുടെ രഹസ്യസ്വഭാവം നഷ്ടമാക്കും.
അനുകൂലം
പി.എസ്.സി ചോദ്യപേപ്പറിൽ ചോദിക്കുന്ന സാങ്കേതിക പദങ്ങൾ പൊതുവെ കുറവ്.
ചോദ്യ പേപ്പറിൽ ഉപയോഗിക്കുന്ന സാങ്കേതിക പദങ്ങൾ അടങ്ങിയ മലയാളം നിഘണ്ടു തയ്യാറാക്കാം
യു.പി.എസ്.സിയുടേയും മറ്റു സംസ്ഥാനങ്ങളിലെ പി.എസ്.സിയുടെയും മാതൃകയിൽ വിവിധ തസ്തികകളുടെ യോഗ്യതയ്ക്കു ചേർന്ന വിധത്തിൽ ചോദ്യ ബാങ്ക് തയ്യാറാക്കാം.
ഇംഗ്ലീഷ് ഉൾപ്പെടെ മറ്റേതെങ്കിലും ഭാഷയ്ക്ക് സർക്കാർ എതിരല്ല. മറ്റു ഭാഷകൾ പഠിക്കുന്നത് മലയാളത്തെ ചവിട്ടിത്താഴ്ത്തി ആകരുതെന്നാണ് സമീപനം. സാംസ്കാരിക ചരിത്രമുള്ള അഭിമാനകരമായ ഭാഷയാണ് മലയാളം. ആ ഭാഷയെ മാറ്റിവച്ചാകരുത് മറ്റു ഭാഷകളുടെ പഠനം
- പിണറായി വിജയൻ
മുഖ്യമന്ത്രി