തിരുവനന്തപുരം: മിത്രാനന്ദപുരം ക്ഷേത്രത്തിന് സമീപത്തെ മുഞ്ചിറ മഠത്തിന്റെ അവകാശം സംബന്ധിച്ച തർക്കം പരിഹരിക്കാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനമായില്ല. മഠം സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ രേഖകൾ വീണ്ടും പരിശോധിച്ച് 30ന് അന്തിമ തീരുമാനമെടുക്കുമെന്ന് അധികൃതർ അറിയിച്ചു. അതുവരെ ഉപവാസം ഉൾപ്പെടെ സത്യാഗ്രഹമൊന്നും നടത്തുന്നില്ലെന്ന് പുഷ്പാഞ്ചലി സ്വാമിയാർ അറിയിച്ചു. സേവാഭാരതിയുടെ അനന്തശായി ബാലസദനം പ്രവർത്തിക്കുന്ന സ്ഥലം മുഞ്ചിറ മഠത്തിന് സ്വന്തമാണെന്നും അവിടെ ചാതുർമാസ്യം ഉൾപ്പെടെ പൂജകൾക്ക് സൗകര്യമൊരുക്കണമെന്നുമാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ചലി സ്വാമിയാർ ആവശ്യപ്പെട്ടത്. വർഷങ്ങളായി പ്രവർത്തിക്കുന്ന സ്ഥാപനത്തെ മറ്റൊരിടത്തേക്ക് മാറ്റാൻ കഴിയില്ലെന്ന നിലപാടാണ് സേവാഭാരതി സ്വീകരിച്ചത്. ഇതിൽ പ്രതിഷേധിച്ച് സ്വാമിയാർ ഒരാഴ്ച ഉപവാസമനുഷ്ഠിച്ചിരുന്നു. തുടർന്ന് മിത്രാനന്ദപുരം റോഡിൽ സ്വാമിയാരുടെ ഭിക്ഷാടനത്തിനായി നിർമ്മിച്ച പന്തൽ മറുവിഭാഗം പൊളിച്ചുമാറ്റി. പടിഞ്ഞാറെ നടയിൽ രണ്ടുദിവസം മുമ്പുണ്ടായ സംഘർഷാവസ്ഥ നിയന്ത്രിക്കാൻ പൊലീസിന് ചെറിയ ലാത്തിച്ചാർജ് നടത്തേണ്ടിവന്നു. ഈ സാഹചര്യത്തിലാണ് ഇന്നലെ കളക്ടർ കെ. ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ സമവായത്തിന് യോഗം ചേർന്നത്. സ്വാമിയാരുടെയും സേവാഭാരതി പ്രതിനിധികളുടെയും സാന്നിദ്ധ്യത്തിലാണ് ചർച്ച നടന്നത്. സേവാഭാരതിക്ക് വേണ്ടി ഹാജരായ അഭിഭാഷകർ യോഗത്തിൽ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം സൂചിപ്പിക്കുന്ന രേഖകളൊന്നും ഹാജരാക്കിയില്ല. തുടർന്നാണ് 24ന് കളക്ടർ നേരിട്ട് സ്ഥലത്തെത്തി രേഖകൾ പരിശോധിക്കാൻ തീരുമാനിച്ചത്. കോർപറേഷൻ, റവന്യൂ എന്നിവയുടെ രേഖകളും ബാലഭവന്റെ പ്രവർത്തനത്തിനുള്ള രേഖകളും പരിശോധിക്കും. 30ന് മഠത്തിന്റെ അവകാശത്തർക്കത്തിൽ തീരുമാനമെടുക്കുമെന്നും യോഗത്തിൽ കളക്ടർ അറിയിച്ചു. മഠത്തിന് സമീപത്തെ കുളത്തിൽ കുളിച്ച് സ്വാമികൾക്ക് പൂജ നടത്താനുള്ള സൗകര്യമൊരുക്കണമെന്നും തടസമുണ്ടായാൽ പൊലീസ് സുരക്ഷയ്ക്കും നിർദ്ദേശിച്ചിട്ടുണ്ട്. യോഗത്തിൽ എ.ഡി.എം വിനോദ്‌ നായർ, തഹസിൽദാർ ജി.കെ. സുരേഷ്‌കുമാർ എന്നിവർ പങ്കെടുത്തു.