തിരുവനന്തപുരം: അമിതവേഗത്തിൽ ചീറിപ്പാഞ്ഞ കോളേജ് വിദ്യാർത്ഥിയുടെ കാറിടിച്ച് സ്‌കൂൾ വിദ്യാർത്ഥികൾക്ക് പരിക്കേറ്രു. മാർ ഇവാനിയോസിലെ ഡിഗ്രി വിദ്യാർത്ഥിയായ കുന്നുകുഴി സ്വദേശി രാകേഷ് (19) ഓടിച്ച കാറിടിച്ച് സമീപത്തെ സർവോദയ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളായ അഭിനവ് സാബു, റിദ ഷെറീഫ് എന്നീ വിദ്യാർത്ഥികൾക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇടുപ്പിന് താഴേക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടികളെ പട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരെയും ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി. കാറോടിച്ച രാകേഷിനെ അറസ്റ്റുചെയ്‌ത ശേഷം ജാമ്യത്തിൽ വിട്ടു. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ വിദ്യാനഗർ വളപ്പിലായിരുന്നു സംഭവം. ഓണം ഘോഷയാത്രയോടനുബന്ധിച്ച് 12ന് ക്ലാസുകൾ അവസാനിച്ചിരുന്നു. തുടർന്ന് സർവോദയിലെ കുട്ടികൾ റോഡ് മുറിച്ച് കടന്ന് വാഹനത്തിൽ കയറുന്നതിനിടെ മാർ ഇവാനിയോസ് കോളേജ് പരിസരത്തു നിന്നും അമിതവേഗത്തിൽ കാർ പാഞ്ഞെത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സുരക്ഷാ ജീവനക്കാർ നിറുത്താൻ ആവശ്യപ്പെട്ടങ്കിലും നിയന്ത്രണംവിട്ട കാർ കുട്ടികളെ ഇടിച്ചുവീഴ്‌ത്തുകയായിരുന്നു. സ്‌കൂൾ അധികൃതർ കുട്ടികളെ ഉടൻ ആശുപത്രിയിലെത്തിച്ചു. ഇടിയുടെ ആഘാതത്തിന്റെ അഭിനവിന്റെ കാലുകൾ ഒടിയുകയും റിദ ഷെറീഫിന്റെ നട്ടെല്ലിന് ക്ഷതം സംഭവിക്കുകയും ചെയ്‌തു. മണ്ണന്തല പൊലീസെത്തിയാണ് രാകേഷിനെ കസ്റ്റഡിയിലെടുത്തത്.