pala-election

കോട്ടയം: ''ജോസേ, ഞാൻ നാളെ പാലായിലെത്തും. എ.കെ ആന്റണിയും വരുന്നുണ്ടല്ലോ.. നമുക്ക് ജയിച്ചുകയറണം''. തൊടുപുഴയിലെ വീട്ടിലെത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോം പുലിക്കുന്നേലിന് കൈകൊടുത്ത് യാത്രയാക്കുന്നതിനിടെ പി.ജെ.ജോസഫ് പറഞ്ഞു. ഇന്ന് രാവിലെ ഏഴര മണിയോടെയാണ് ജോസ് ടോം പി.ജെയുടെ വീട്ടിലെത്തിയത്. സന്ദർശനം പത്തുമിനിറ്റ് നീണ്ടുനിന്നു. ഇതോടെ ഇരുവരും തമ്മിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾക്ക് താൽക്കാലികമായെങ്കിലും വിരാമമായി. ജോസ് ടോം എത്തുമെന്നറിഞ്ഞ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ സെക്രട്ടറി സജി മഞ്ഞക്കടമ്പൻ നേരത്തെതന്നെ വീട്ടിലെത്തിയിരുന്നു.

ജോസ് വിഭാഗത്തിലെ മൂന്ന് നേതാക്കളോടൊപ്പമാണ് ജോസ് ടോം എത്തിയത്. പാലായിൽ സഹായം അഭ്യർത്ഥിച്ചതോടെ ജോസിനെ പി.ജെ ആലിംഗനം ചെയ്തു. സന്ദർശന മുറിയിലെത്തി പി.ജെ തന്നെയാണ് അകത്തേയക്ക് കൂട്ടിക്കൊണ്ടുപോയത്. എല്ലാവിധ പിന്തുണയും പി.ജെ വാഗ്ദാനം ചെയ്തതായി സംഭാഷണം കഴിഞ്ഞ് പുറത്തിറങ്ങിയ ജോസ് ടോം പറഞ്ഞു.

പാലായിൽ നടന്ന തിരഞ്ഞെടുപ്പ് കൺവൻഷൻ സമ്മേളനത്തിൽ പി.ജെ എത്തിയപ്പോൾ കൂക്കുവിളിച്ചതിലും പ്രതിച്ഛായയിൽ വന്ന ലേഖനവും പി.ജെ യെ ചൊടിപ്പിച്ചിരുന്നു. ഇതോടെ പി.ജെ മാനസികമായി അകന്നു. തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ പി.ജെ ജോസഫ് വിഭാഗം വിട്ടുനിൽക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇതോടെ വീണ്ടും യു.ഡി.എഫ് അനുനയ ശ്രമവുമായി രംഗത്ത് എത്തുകയും അതിൽ ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു. ഇന്ന് പി.ജെയുടെ വീട്ടിൽ ജോസ് ടോം എത്തിയത് കോൺഗ്രസിന്റെ സമ്മർദ്ദത്തെ തുടർന്നാണെന്നാണ് അറിയുന്നത്.