കല്ലമ്പലം: കെ.ടി.സി.ടി ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് എൻ.എസ്.എസ് ഭവന പദ്ധതിയിലൂടെ നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ മണമ്പൂർ പുത്തൻകോട് വാറുവിളാകം വീട്ടിൽ ദീപയും കുടുംബവും ഏറ്റുവാങ്ങി. വീടിന്റെ ഗൃഹപ്രവേശന ചടങ്ങിൽ കെ.ടി.സി.ടി ചെയർമാൻ ഡോ. പി.ജെ. നഹാസാണ് താക്കോൽ കൈമാറിയത്. പ്ലസ്‌ടു വിഭാഗം എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് വീട് നിർമ്മിച്ചത്. പുത്തൻകോട്ടെ സാമൂഹിക പ്രവർത്തകർ, വാർഡ് മെമ്പർ ആർ.എസ്. രഞ്ജിനി, മുൻ മെമ്പർ ജി. കുഞ്ഞുമോൾ തുടങ്ങിയവരാണ് ദീപയുടെ പേര് കെ.ടി.സി.ടി ഭാരവാഹികളുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് കെ.ടി.സി.ടി ചെയർമാൻ പി.ജെ നഹാസ്, കൺവീനർ ഇ.ഫസിലുദ്ദീൻ, ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഡോ. അനുകൃഷ്ണൻ, വൈസ് പ്രിൻസിപ്പൽ ടി.എസ്. ബിന്ദു, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ബിജു നായർ, പ്രിയങ്കാ സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ എൻ.എസ്.എസ് വിദ്യാർത്ഥികളുടെ സഹകരണത്തോടെ ഒരുവർഷം കൊണ്ട് വീട് പൂർത്തിയാക്കി. അഞ്ചരലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച വീട്ടിൽ കടുവയിൽ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് കമ്മിറ്റിയുടെ സാമ്പത്തിക സഹായവും ഉണ്ടായിരുന്നു. താക്കോൽ ദാന ചടങ്ങിൽ സീനിയർ പ്രിൻസിപ്പൽ എസ്. സഞ്ജീവ്, എം.എൻ. മീര, എം.എസ്. ബിജോയി, ഡി.എസ്. ബിന്ദു, പ്രിയങ്കാ സന്തോഷ്, അനു കൃഷ്ണ, സൗപർണ്ണിക തുടങ്ങിയവർ പങ്കെടുത്തു.