തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസ് പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിലും കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി ഓഫീസിലും നിന്ന് കേരള സർവകലാശാല ഉത്തരക്കടലാസുകൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് എസ്.പിയുടെ മേൽനോട്ടത്തിൽ പി.ടി.പി നഗറിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം യൂണിറ്റിലെ സി.ഐ പ്രദീപിനാണ് അന്വേഷണ ചുമതല. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നിന്ന് കേസിന്റെ ഫയലുകൾ സി.ഐയ്ക്ക് കൈമാറുന്നതോടെ അന്വേഷണം ആരംഭിക്കും. 'യൂണി. ഉത്തരക്കടലാസ് തട്ടിപ്പ്, അന്വേഷണം വായുവിൽ. തട്ടിക്കളിച്ച് ക്രൈംബ്രാഞ്ചും ലോക്കൽ പൊലീസും ' എന്ന തലക്കെട്ടിൽ 'ഫ്ളാഷ്' സെപ്തംബർ ആറിന് വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് നടപടി.
യൂണിവേഴ്സിറ്റി കോളേജിൽ അഖിലെന്ന വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തെ തുടർന്ന് കോളേജിനുള്ളിൽ എസ്.എഫ്.ഐ യൂണിറ്റ് ഓഫീസ് ഒഴിപ്പിക്കുമ്പോഴാണ് കോളേജ് അധികൃതർ ഇവിടെ നിന്ന് ഉത്തരക്കടലാസുകൾ കണ്ടെത്തിയത്. ശിവരഞ്ജിത്തിന്റെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലും ഉത്തരക്കടലാസുകളും ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ സീലും കണ്ടെത്തിയിരുന്നു. ഈ കേസാണ് ഇപ്പോൾ ക്രൈംബ്രാഞ്ചിന് കൈമാറിയത്.
സർവകലാശാലയുടെ സീരിയൽ നമ്പറും കോഡ് നമ്പറും 22പേജുകളുമുള്ള 16 ബുക്ക്‌ലെറ്റുകളാണ് ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത്. സർവകലാശാല പരീക്ഷയുടെ ഉത്തരക്കടലാസുകൾ പതിവായി കടത്തിയിരുന്നതായി ശിവരഞ്ജിത്ത് തന്നെയാണ് പൊലീസിന് മൊഴിനൽകിയത്. ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തവയിൽ രജിസ്റ്റർ നമ്പരും ഉത്തരവും എഴുതിയ മൂന്ന് ഉത്തരക്കടലാസുകളുണ്ടായിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കാത്തത് വിവാദത്തിലായിരുന്നു.
''യൂണിവേഴ്സിറ്റി ഉത്തരക്കടലാസ് കേസ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവായിട്ടുണ്ട്. സി.ഐ പ്രദീപിന്റെ സംഘമാണ് അന്വേഷിക്കുന്നത്. കേസ് ഫയലുകൾ ലഭിച്ചാലുടൻ അന്വേഷണം ആരംഭിക്കും.'
എസ്.പി, ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ്