പി എസ്.സി പരീക്ഷകൾ മലയാളത്തിലും നടത്തുന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയനുമായി നടന്ന ചർച്ചയിൽ കമ്മിഷൻ ചെയർമാൻ തത്വത്തിൽ സമ്മതിച്ചതോടെ ഇതേച്ചൊല്ലി ഉയർന്ന വിവാദത്തിന് താത്കാലിക ശമനമായിരിക്കുകയാണ്. തീരുമാനം നടപ്പാകുന്ന ഘട്ടത്തിൽ ഉണ്ടായേക്കാവുന്ന സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാവുന്നതേയുള്ളൂ. ഏതു വമ്പൻ പ്രശ്നത്തിലും ഒത്തുതീർപ്പിന്റെ വഴിയേ പോയാൽ എളുപ്പം പരിഹാരം കാണാനാവും. പി.എസ്.സി പരീക്ഷ മലയാളത്തിലും വേണമെന്ന ആവശ്യവും ഈ ഗണത്തിൽ പെടുന്നതാണ്. പി.എസ്.സി കരുതുന്നതുപോലെ പ്രശ്നസങ്കീർണമോ അപ്രായോഗികമോ ഒന്നുമല്ല അത്. മനസുവച്ചാൽ അനായാസം നടപ്പാക്കാവുന്ന കാര്യമാണ്. പ്ളസ് ടു വരെ അടിസ്ഥാന യോഗ്യതയുള്ള പരീക്ഷകൾ ഇപ്പോൾത്തന്നെ മലയാളത്തിലാണ് നടത്തുന്നതെന്നാണ് പി.എസ്.സിയുടെ വാദം. അപേക്ഷകരിൽ തൊണ്ണൂറു ശതമാനവും ഈ വിഭാഗത്തിൽ വരുന്നവരത്രെ. ശേഷിക്കുന്ന വിഭാഗത്തിൽ വരുന്ന ഉയർന്ന യോഗ്യതയുള്ളവരാണ് ഇംഗ്ളീഷിൽ പരീക്ഷ എഴുതുന്നത്. അതും മലയാളത്തിൽ എഴുതാൻ തക്ക സൗകര്യം ഏർപ്പെടുത്തുന്നതുകൊണ്ട് നഷ്ടമൊന്നും വരാൻ പോകുന്നില്ല. ഇതിനെതിരെ ഉയർത്തുന്ന തടസവാദങ്ങളെല്ലാം നിരർത്ഥകമാണ്. മാറ്റങ്ങളോട് മുഖം തിരിക്കാനുള്ള സഹജ വാസനയാണത്.
പി.എസ്.സി ഓഫീസിനു മുമ്പിൽ ഭാഷാസ്നേഹികളും സാംസ്കാരിക നായകരും മലയാളത്തിനു വേണ്ടി നടത്തിവന്ന സമരം അവസാനിപ്പിക്കാൻ സാധിച്ചത് സർക്കാരിന് വലിയ ആശ്വാസമാകും. ഭരണഭാഷ പൂർണമായും മലയാളമാക്കിയിട്ടുള്ള സംസ്ഥാനത്ത് ഉദ്യോഗാർത്ഥികൾക്കായി നടത്തുന്ന മത്സര പരീക്ഷ മാതൃഭാഷയിൽത്തന്നെ വേണമെന്ന് ശഠിക്കുന്നത് അഹങ്കാരമായി കാണാനാവില്ല. ഭാഷാസ്നേഹികളെ സമരപ്പന്തലിലേക്ക് വലിച്ചിഴയ്ക്കാതെ തന്നെ പരിഹാരം കാണേണ്ടിയിരുന്ന പ്രശ്നമാണിത്. ഈഗോ വെടിഞ്ഞ് പിറന്ന മണ്ണിലേക്ക് ഇറങ്ങിവരാൻ പി.എസ്.സി തയാറായത് നല്ല കാര്യം തന്നെ.
തിങ്കളാഴ്ച ജനങ്ങൾക്കു കേൾക്കാൻ കഴിഞ്ഞ മറ്റൊരു സദ്വാർത്ത എറണാകുളത്തെ പാലാരിവട്ടം മേൽപ്പാലം അടിമുടി അഴിച്ചു പണിയണമെന്ന വിദഗ്ദ്ധ നിർദ്ദേശം സംസ്ഥാന സർക്കാർ അംഗീകരിച്ചതാണ്. അഴിമതിക്കുള്ള നോബൽ സമ്മാനം നേടി നിൽക്കുന്ന ഈ മേൽപ്പാലം ഒക്ടോബർ ഒന്നു മുതൽ പൊളിച്ചു നീക്കി ഒരു വർഷംകൊണ്ട് പുതുതായി നിർമ്മാണം പൂർത്തിയാക്കാനാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്. മെട്രോമാൻ ഇ. ശ്രീധരന്റെ വിദഗ്ദ്ധ മേൽനോട്ടത്തിലായിരിക്കും ഇത്. ഇന്നത്തെ സാഹചര്യത്തിൽ ഇതിനപ്പുറം നല്ലൊരു തീരുമാനം വേറെ ഉണ്ടാകാനിടയില്ല. ഈ വിഷയത്തിലും തീരുമാനം എടുക്കാൻ ഇത്രയും താമസിക്കരുതായിരുന്നു. സർക്കാർ മനസു വച്ചിരുന്നെങ്കിൽ പുനർനിർമ്മാണം ഇതിനകം തന്നെ ആരംഭിക്കാൻ കഴിയുമായിരുന്നു. കൊച്ചി നഗരത്തിലെ ഏറ്റവും തിരക്കേറിയ ഭാഗത്തുള്ള പാലാരിവട്ടം മേൽപ്പാലം മേയ് മാസം മുതൽ അടച്ചിട്ടതു മൂലം അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് വിവരണാതീതമാണ്.
ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം എത്തും മുമ്പേ തകർന്നു തുടങ്ങിയ പാലാരിവട്ടം മേൽപ്പാലം മരാമത്ത് അഴിമതിയുടെ നിത്യസ്മാരകമായി എക്കാലവും ഓർമ്മിക്കപ്പെടും. നാല്പതു കോടിയോളം രൂപ മുടക്കി നിർമ്മിച്ച മേൽപ്പാലത്തിന്റെ എല്ലാ നിർമ്മാണ ഘട്ടങ്ങളിലും വൻ അഴിമതിയാണ് നടന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിർമ്മാണ കരാർ എടുത്ത കമ്പനി മേധാവിയും നിർമ്മാണ മേൽനോട്ടച്ചുമതല വഹിച്ച സർക്കാർ കമ്പനിയുടെ ഉദ്യോഗസ്ഥരുമടക്കം ഏതാനും പേർ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. കൂടുതൽ അറസ്റ്റുകളുണ്ടാകുമെന്നു കേട്ടിരുന്നെങ്കിലും ഒന്നുമുണ്ടായില്ല. പാലം പുതുക്കിപ്പണിയാൻ ഇരുപതോ ഇരുപത്തഞ്ചോ കോടി രൂപ വേണ്ടിവരുമെന്നാണ് കേൾക്കുന്നത്. സംസ്ഥാനത്തെ ഏറെ ശോഷിച്ച ഖജനാവിൽ നിന്നു വേണം ഈ തുകയും കണ്ടെത്താൻ. ആദ്യം പാലത്തിന്റെ നിർമ്മാണത്തിനായി നൽകിയ 40 കോടി രൂപയുടെ നല്ലൊരു ഭാഗം പലരുടെയും കീശകളിൽ പോയതു കൊണ്ടാണല്ലോ മൂന്നു വർഷമെത്തും മുമ്പേ പാലം അടച്ചുകെട്ടേണ്ടിവന്നത്. പുനർനിർമ്മാണത്തിന് ഇനിയും കോടികൾ മുടക്കും മുമ്പെങ്കിലും ക്രമക്കേടും അഴിമതിയും കാണിച്ച മുഴുവൻ പേരെയും കണ്ടെത്തി നിയമ നടപടികൾക്കു വിധേയരാക്കാൻ സർക്കാർ ശ്രദ്ധിക്കേണ്ടതാണ്. ഇക്കാര്യത്തിൽ കാണിക്കുന്ന ചെറിയ അലംഭാവം പോലും അഴിമതിവീരന്മാർക്ക് ആർത്തുചിരിക്കാനും നിയമനീതി സംവിധാനങ്ങളെ വെല്ലുവിളിക്കാനുമുള്ള അവസരമാകും. മേൽപ്പാലത്തിന്റെ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും തകരാർ കണ്ടെത്തിയിട്ടുണ്ട്. സിമന്റും കമ്പിയും പോലും മതിയായ തോതിൽ ഉപയോഗിച്ചിട്ടില്ലെന്ന കണ്ടെത്തൽ ഞെട്ടിക്കുന്നതു തന്നെയാണ്. അഴിമതിയുടെ കറ അന്നത്തെ രാഷ്ട്രീയ നേതൃത്വങ്ങളിലേക്കു വരെ നീണ്ടുചെല്ലുന്നതാണ്. സംസ്ഥാനത്ത് ഇത്രയേറെ അഴിമതിയും ക്രമക്കേടും നടന്ന ഒരു നിർമ്മാണം ഇതിനു മുമ്പൊന്നും ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് അന്ന് പാലം നിർമ്മാണവുമായി ബന്ധപ്പെട്ട മുഴുവൻ ഉന്നതന്മാരെയും വെറുതേ വിടരുതെന്ന ആവശ്യം ശക്തമാകുന്നത്. യഥാർത്ഥത്തിൽ വേണ്ടത് പുനർ നിർമ്മാണത്തിനു വേണ്ടിവരുന്ന തുക ഇക്കൂട്ടരിൽ നിന്ന് ഈടാക്കുകയാണ്. അഴിമതിയും ക്രമക്കേടും കാണിക്കുന്ന ഉദ്യോഗസ്ഥരെ സർവീസിനു പുറത്താക്കി പുതിയൊരു മാതൃക സൃഷ്ടിക്കാൻ സർക്കാർ തയാറാകണം. മേൽപ്പാലം നിർമ്മിച്ച കമ്പനിക്കാരെയും വെറുതേ വിടരുത്.