
ഗാസിയാബാദ്: നിങ്ങളുടെ വീട്ടിൽ വളർത്തു നായ ഉണ്ടോ? അല്ലെങ്കിൽ ഒരെണ്ണത്തെ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ? ഏതായാലും ആദ്യം 5000 രൂപ കൊടുത്ത് ലൈസൻസ് എടുക്കണം! പക്ഷേ, കേരളത്തിലല്ല. ഉത്തർപ്രദേശിലെ ഗാസിയബാദിലാണ് ഇങ്ങനെയൊരു നിയമം. നായയെ വളർത്തണമെങ്കിൽ പ്രദേശവാസികൾ 5000 രൂപയുടെ ലൈസൻസ് എടുക്കണമെന്നാണ് ഗാസിയാബാദ് മുൻസിപ്പൽ കോർപ്പറേഷൻ പറയുന്നത്. മാത്രമല്ല നായകൾ റോഡിലോ പാർക്കുകളിലോ വിസർജനം ചെയ്‌താൽ ഉടമയ്‌ക്ക് 500 രൂപയും പിഴ അടയ്ക്കേണ്ടി വരും. നായ്ക്കളുടെ ആക്രമണം വർദ്ധിച്ചു വരുന്നതിനാലും പ്രദേശം വൃത്തിയായി സൂക്ഷിക്കുന്നതിനുമാണ് പുതിയ നീക്കത്തിന്റെ ഉദ്ദേശമെന്ന് ഗാസിയാബാദ് മേയർ ആശാ ശർമ പറഞ്ഞു.
നായ്ക്കൾ പ്രതിരോധ കുത്തിവയ്‌പുകൾ എടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അധികൃതർ വ്യക്തമാക്കി. പുതിയ നിയമത്തോട് മുഖം തിരിച്ചിരിക്കുകയാണ് നാട്ടുകാർ. തെരുവ് നായ്ക്കളെ ദത്തെടുത്ത് വളർത്തുന്നവരെ അതിൽ നിന്നും ഇത്തരം നിയമം പിന്തിരിപ്പിക്കുമെന്നും സാധാരണക്കാരിൽ പുതിയ പരിഷ്‌കാരം ബുദ്ധിമുട്ടുണ്ടാക്കുമെന്നും നാട്ടുകാർ പറയുന്നു. ഡൽഹിയിലും ഗുരുഗ്രാമിലും സമാനമായ രീതിയിൽ നായ്ക്കൾക്ക് രജിസ്ട്രേഷൻ സംവിധാനം നിലവിലുണ്ട്. രണ്ടിടത്തും 500 വീതമാണ് വാർഷിക രജിസ്ട്രേഷൻ ഫീസ്.