തിരുവനന്തപുരം: ഉപഭോക്താക്കളെ വഞ്ചിച്ച മരടിലെ ഫ്ലാറ്റ് നിർമ്മാതാക്കളെ കരിമ്പട്ടികയിൽ പെടുത്തണമെന്ന് വി.എസ്. അച്യുതാനന്ദൻ ആവശ്യപ്പെട്ടു. നിർമ്മാണത്തിന് വഴിവിട്ട് അനുമതിയും പ്രചോദനവും നൽകിയവർക്കെതിരെ നിയമ നടപടിയെടുക്കണം.

രാജ്യത്തെ നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് ഫ്ലാറ്റ് പൊളിക്കണമെന്ന സുപ്രീംകോടതിയുടെ വിധി. എന്നാൽ ഒരു കൂട്ടം ബിൽഡർമാർ നിയമം ലംഘിച്ച് നിർമ്മാണം നടത്തുകയും, അക്കാര്യം ചൂണ്ടിക്കാണിക്കുമ്പോൾ സ്റ്റേ സമ്പാദിച്ച് നിർമ്മാണം പൂർത്തിയാക്കി ഫ്ലാറ്റുകൾ വിൽക്കുകയും ചെയ്യുകയാണ്. സമൂഹത്തിലെ ചില വമ്പൻമാർക്ക് സൗജന്യമായി ഫ്ലാറ്റുകൾ നൽകിയ ശേഷം അവരെ ചൂണ്ടിക്കാട്ടി വിൽക്കുന്നതാണ് ഇക്കൂട്ടരുടെ തന്ത്രം. പാറ്റൂരിലെ ഫ്ലാറ്റ് ഇത്തരത്തിൽ അനധികൃതമായി നിർമ്മിച്ചതാണെന്ന് ചൂണ്ടിക്കാട്ടി താൻ നിയമ നടപടി സ്വീകരിക്കുകയാണെന്നും വി.എസ് പറഞ്ഞു.