fish

ഓസ്‌ലോ: വലിയ പന്ത് പോലുള്ള കണ്ണുകൾ, വളരെ നേർത്ത വായ ഭാഗം, വാൽ കണ്ടാൽ പാമ്പിന്റേത് പോലെ. മത്സ്യ ബന്ധനത്തിനിടെ ഓസ്‌കാർ ലുൻഡൽ എന്ന നോർവീജിയക്കാരന് ലഭിച്ച വിചിത്ര മത്സ്യമാണിത്. കണ്ടാൽ ആരും പേടിച്ചു പോകുന്ന രൂപം. ഏതെങ്കിലും അന്യഗ്രഹജീവി ആകാമെന്ന് കരുതി ഓസ്‌കാർ ആദ്യം പേടിച്ചെങ്കിലും കിട്ടിയത് വി.ഐ.പിയെ ആണെന്ന് മനസിലാക്കി.

നോർവേയിലെ ദ്വീപായ ആൻഡോയയ്‌ക്കടുത്ത് നിന്നാണ് വമ്പൻ കണ്ണുകളോടുകൂടിയ ഈ വിചിത്ര മത്സ്യത്തെ ലഭിച്ചത്. 30 മിനിട്ട് എടുത്താണത്രെ 2,600 അടി താഴ്‌ചയിൽ കുടുങ്ങിയ മത്സ്യത്തെ മുകളിലെത്തിക്കാൻ വേണ്ടി വന്നത്.

പുരാതനകാലത്ത് ജീവിച്ചിരുന്ന ജീവിയുമായാണ് ഇതിനെ താരതമ്യപ്പെടുത്തുന്നത്. 300 മില്യൺ വർഷം പഴക്കമുള്ള സ്രാവ് വർഗത്തിൽപ്പെട്ട മത്സ്യമാണത്രെ റാറ്റ് ഫിഷ്. അതായത് ദിനോസറിന്റെയും മറ്റ് മൺമറഞ്ഞ ജീവികളുടെയും കാലം മുതൽ ഭൂമിയിൽ ഉണ്ടായിരുന്ന ജീവി വർഗമാണ് ഇത്. ചിമേറസ് മോൻസ്ട്രോസ ലിനേയസ് എന്നാണ് റാറ്റ് ഫിഷിന്റെ ലാറ്റിൻ നാമം. സിംഹത്തിന്റെ തലയും ഡ്രാഗണിന്റെ വാലുമുള്ള ഗ്രീക്ക് ഭീകരജീവിയുടെ പേരിൽ നിന്നാണ് ഇത് ഉത്ഭവിച്ചിരിക്കുന്നത്. ഞണ്ടുകളെ ആഹാരമാക്കാറുള്ള ഇവ പക്ഷേ, മനുഷ്യനെ ഉപദ്രവിക്കാറില്ല. സമുദ്രത്തിന്റെ അടിത്തട്ടിലാണ് ഈ വിചിത്ര മത്സ്യം ജീവിക്കുന്നത്. ഇവയുടെ വലിയ കണ്ണുകൾ ഇരുട്ടിൽ കാഴ്‌ചയ്‌ക്ക് സഹായിക്കുന്നുവെന്ന് കരുതുന്നു.