നെയ്യാറ്റിൻകര: നവരാത്രി പൂജയ്ക്കായി അനന്തപുരിയിലേക്ക് എഴുന്നള്ളുന്ന നവരാത്രി വിഗ്രഹങ്ങൾക്ക് പ്രധാന ഇടത്താവളമായ നെയ്യാറ്റിൻകര ശ്രീകൃഷ്ണക്ഷേത്രത്തിൽ നൽകേണ്ട വരവേല്പിനുള്ള ഒരുക്കം തുടങ്ങി. കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര ഡിവൈ.എസ്.പി എസ്. അനിൽകുമാർ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ചേർത്തിരുന്നു. 27നാണ് ഘോഷയാത്ര പദ്മനാഭപുരത്തു നിന്നു തിരിക്കുന്നത്. ശുചീന്ദ്രം സ്ഥാണുമാലയ ക്ഷേത്രത്തിൽ നിന്നു മുന്നൂറ്റി നങ്കയും, വേളിമല കുമാരകോവിലിൽ നിന്നു ദേവ സേനാപതി മുരുകനും 25ന് പദ്മനാഭപുരം തേവാരക്കെട്ടിലെത്തി സരസ്വതി ദേവിയുമായി ചേർന്നാണ് നവരാത്രി പൂജയ്ക്കായി അനന്തപുരിയിലേക്ക് യാത്ര തുടങ്ങുന്നത്. പദ്മനാഭപുരത്ത് 26ന് രാവിലെ ഉടവാൾ കൈമാറ്റച്ചടങ്ങ് നടക്കുന്നതോടെ ഘോഷയാത്ര ആരംഭിക്കും. വൈകിട്ട് കുഴിത്തുറ ശിവക്ഷേത്രത്തിൽ തങ്ങുന്ന വിഗ്രഹങ്ങൾ പിറ്റേന്ന് രാവിലെ 11ന് സംസ്ഥാന അതിർത്തിയായ കളിയിക്കാവിളയിൽ എത്തും. തുടർന്ന് സർക്കാരിന് വേണ്ടി മന്ത്രിമാരും ജനപ്രതിനിധികളും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും ഹൈന്ദവ സംഘ‌‌ടനകളും ചേർന്ന് സ്വീകരിച്ച് ആനയിക്കും. നഗരാതിർത്തിയിൽ മുനിസിപ്പൽ ഭരണസമിതി അംഗങ്ങളും, അയ്യപ്പസേവാസംഘം താലൂക്ക് യൂണിയനും ദേവസ്വം ബോർഡ് നെയ്യാറ്റിൻകര ഗ്രൂപ്പിലെ ഉദ്യോഗസ്ഥരും ചേർന്ന് വാദ്യ താള മേളത്തോടെ സ്വീകരിച്ച് ഇടത്താവളമായ നെയ്യാറ്റിൻകര ശ്രീകൃഷ്ണക്ഷേത്രത്തിലേക്ക് ആനയിക്കും. 28ന് രാവിലെ യാത്ര തുടരും. വൈകിട്ട് കരമനയിലെത്തുന്നതോടെ രാജകൊട്ടാരത്തിലെ പ്രതിനിധിയെത്തി പദ്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് സ്വീകരിച്ച് ആനയിക്കും. തുടർന്ന് സരസ്വതീദേവിയെ കോട്ടയ്ക്കകത്തെ പകടശാലയിൽ പൂജയ്ക്കിരുത്തും. മുന്നൂറ്റി നങ്കയെ ചെന്തിട്ട ദേവീക്ഷേത്രത്തിലേക്കും മുരുകനെ ആര്യശാല ഭഗവതി ക്ഷേത്രത്തിലേക്കും ആചാരപൂർവം എഴുന്നള്ളിച്ച് കൊണ്ട് പോകും. നവരാത്രി പൂജയ്ക്കും ഒരു ദിവസത്തെ നല്ലിരുപ്പിനും ശേഷമാണ് മടക്കയാത്ര.